ബിഹാറിലെ പാലം അപകടങ്ങളില്‍ കൂട്ട സസ്‌പെന്‍ഷന്‍; നടപടി നേരിട്ട് 16 എന്‍ജിനീയര്‍മാര്‍

ബിഹാറിലെ പാലം അപകടങ്ങളില്‍ കൂട്ട സസ്‌പെന്‍ഷന്‍; നടപടി നേരിട്ട് 16 എന്‍ജിനീയര്‍മാര്‍
Published on

ബിഹാറിലെ തുടര്‍ച്ചയായ പാലം അപകടങ്ങളില്‍ കൂട്ട നടപടി. ജലവിഭവ വകുപ്പിലെ 16 എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. 15 ദിവസത്തിനിടെ 10 പാലങ്ങള്‍ തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിഷയം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ബിഹാര്‍ വികസന സെക്രട്ടറി ചൈതന്യ പ്രസാദ് പറഞ്ഞു. പാലങ്ങള്‍ നിര്‍മിച്ച കോണ്‍ട്രാക്ടര്‍മാരെ കണ്ടെത്തി അവരെ പ്രതിചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച സരണ്‍ ജില്ലയിലാണ് പത്താമത്തെ പാലം തകര്‍ന്നത്. ജില്ലയില്‍ 24 മണിക്കൂറിനിടെ തകര്‍ന്ന മൂന്നാമത്തെ പാലം കൂടിയായിരുന്നു ഇത്.

സിവാന്‍, സരണ്‍, മധുബനി, അരാരിയ, ഈസ്റ്റ് ചംപാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലായാണ് പത്തു പാലങ്ങള്‍ തകര്‍ന്നു വീണത്. അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമാ പഴയ പാലങ്ങള്‍ കണ്ടെത്തുന്നതിനായി അടിയന്തര സര്‍വേ നടത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മിക്കാനും അതിന് വരുന്ന ചെലവ് കുറ്റക്കാരായ കരാറുകാരില്‍ നിന്ന് ഈടാക്കാനുമാണ് നിര്‍ദേശം.

അതേസമയം സംസ്ഥാനത്ത് 12 പാലങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ടെന്നാണ് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് ആരോപിക്കുന്നത്. ബിഹാറിലെ ഈ അപകടങ്ങളെക്കുറിച്ച് നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരക്ഷരം പോലും മിണ്ടുന്നില്ലെന്ന് തേജസ്വി യാദവ് ആരോപിച്ചു. സദ്ഭരണത്തെയും അഴിമതി രഹിത ഭരണത്തെയും കുറിച്ചുള്ള അവകാശവാദങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in