ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്‌റൈനിലെ ഇന്ത്യന്‍ റെസ്റ്റോറെന്റ് അടച്ചുപൂട്ടി

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്‌റൈനിലെ ഇന്ത്യന്‍ റെസ്റ്റോറെന്റ് അടച്ചുപൂട്ടി

ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരില്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ റെസ്റ്റോറെന്റിന്റിനെതിരെ കടുത്ത നടപടി സ്വീകരിച്ച് അധികൃതര്‍. അദ്‌ലിയയിലെ റെസ്റ്റോറെന്റ് അധികൃതര്‍ അടച്ചുപൂട്ടിയെന്ന് ഗള്‍ഫ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റെസ്റ്റോറെന്റിലെ ഡ്യൂട്ടി മാനേജറാണ് ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞുവെച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിവരം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.

വിഷയം വിവാദമായതോടെ റെസ്റ്റോറെന്റ് മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ ഡ്യൂട്ടി മാനേജരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അയാള്‍ ഇന്ത്യക്കാരന്‍ തന്നെയായിരുന്നു. സമൂഹമാധ്യമത്തിലൂടെ മാനേജ്‌മെന്റ് ക്ഷമ ചോദിക്കുകയും ചെയ്തു. എങ്കിലും സംഭവത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കും വിധത്തിലുള്ള കാര്യങ്ങള്‍ ഒരു ടൂറിസം കേന്ദ്രവും ചെയ്യാന്‍ ശ്രമിക്കരുതെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ബഹ്റൈന്റെ നിയമങ്ങള്‍ ലംഘിക്കുന്ന പോളിസികള്‍ രാജ്യത്തെ ഒരു ടൂറിസം സ്ഥാപനവും പിന്തുടരുതെന്നും അതോറിറ്റി വ്യക്തമാക്കി. സംഭവ്തതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതോറിറ്റി അറിയിച്ചു.

രാജ്യത്തെ ജനങ്ങളെ വിവേചനപരമായി കാണുന്ന ഒരു നടപടിയും പാടില്ല. പ്രത്യേകിച്ച് ഓരോരുത്തരുടെയും നാഷണല്‍ ഐഡന്റിറ്റിയുടെ പേരിലുള്ള വിവേചനങ്ങളും അംഗീകരിക്കാനാവില്ല. ഇത് 1986ലെ നിയമപ്രകാരം രാജ്യത്തെ റസ്റ്റോറന്റുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in