ആ മിടുക്കിക്കുട്ടി നിദയെക്കൊണ്ട് അധ്യാപകര്‍ക്ക് ഒരു ക്ലാസെടുപ്പിച്ചാല്‍ നന്നായിരുന്നുവെന്ന് അശോകന്‍ ചരുവില്‍

ആ മിടുക്കിക്കുട്ടി നിദയെക്കൊണ്ട് അധ്യാപകര്‍ക്ക് ഒരു ക്ലാസെടുപ്പിച്ചാല്‍ നന്നായിരുന്നുവെന്ന് അശോകന്‍ ചരുവില്‍

കേരളത്തിലെ അധ്യാപകരില്‍ കൊള്ളാവുന്നവര്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. വയനാട് എം പി രാഹുല്‍ ഗാന്ധിയെയും അശോകന്‍ ചരുവില്‍ വിമര്‍ശിക്കുന്നുണ്ട്. എം പി ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും നിശ്ചയമില്ലെന്ന് ചരുവില്‍. പാമ്പ് കടിയേറ്റ് മരിച്ച ഷഹലയ്ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ച നിദാ ഫാത്തിമയെക്കൊണ്ട് അദ്ധ്യാപകര്‍ക്ക് സാമൂഹ്യാവബോധത്തെക്കുറിച്ച് ഒരു ക്ലാസെടുപ്പിച്ചാല്‍ നന്നായിരുന്നുവെന്നും ചരുവില്‍.

അശോകന്‍ ചരുവില്‍ എഴുതിയത്

പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സമീപകാലത്ത് കേരളത്തില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഏറെ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെ അഭിമാനിക്കുമ്പോള്‍ തന്നെ ഒരുവക ആശങ്കയും വെച്ചു പുലര്‍ത്തിയിരുന്നു. നിലവിലുള്ള അദ്ധ്യാപകസമൂഹത്തെ ഉപയോഗിച്ചു വേണമല്ലോ ഈ ശ്രമങ്ങളെ ഫലപ്രാപ്തിയിലെത്തിക്കാന്‍. അതു കഴിയുമോ?

നിലവിലെ അധ്യാപകര്‍ മുഴുവന്‍ കൊള്ളരുതാത്തവരാണെന്നു കരുതുന്നില്ല. പക്ഷേ കൊള്ളാവുന്നവര്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതാണ് പ്രശ്‌നം. അധ്യാപകസമൂഹത്തെ വിലയിരുത്താനുതകുന്ന ചില സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ എനിക്കുണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് ജീവിതായോധനത്തിന്റെ തുടക്കത്തില്‍ മൂന്നുകൊല്ലം ഞാന്‍ ഒരു എയിഡഡ് പ്രൈമറിസ്‌കൂള്‍ അധ്യാപകനായിരുന്നു എന്നതാണ്. പിന്നെ പൊതുവിദ്യാഭ്യാസം സ്ഥാപനങ്ങളില്‍ പഠിച്ച രണ്ടു കുട്ടികളുടെ പിതാവ് എന്ന നിലക്കുള്ള തിരിച്ചറിവ്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്ന പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ പ്രവര്‍ത്തിച്ച അനുഭവം. ഒരു കാര്യം മാത്രം ചോദിക്കട്ടെ? പാഠപുസ്തകമല്ലാതെ പഠിപ്പിക്കേണ്ട വിഷയങ്ങളില്‍ (ഡിജിറ്റല്‍ ആയിട്ടോ കടലാസിലോ) മറ്റ് എന്തെങ്കിലും വായിക്കുന്ന എത്രപേരുണ്ട് അധ്യാപകര്‍ക്കിടയില്‍? റിയല്‍ എസ്റ്റേറ്റും ഷെയര്‍ മാര്‍ക്കറ്റുമാണ് സ്റ്റാഫ് മുറിയിലെ മുഖ്യ ചര്‍ച്ചാ വിഷയം.

എങ്ങനെ നമ്മുടെ അധ്യാപകസമൂഹം ഇങ്ങനെ അപ്രാപ്തരായി എന്നതിന് പല ഉത്തരങ്ങള്‍ ഉണ്ട്. ഒരു കാലത്ത് അതതു കാലത്തെ പ്രതിഭകള്‍ മാത്രം കടന്നു വന്നിരുന്ന ജീവിതമേഖലയാണ് ഇത്. സ്‌കൂളിലും കോളേജിലും ഏറ്റവും കൂടുതല്‍ മാര്‍ക്കു കിട്ടിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ അധ്യാപക പരിശീലന കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇന്നത്തെ സ്ഥിതിയെന്താണ്?

ആ മിടുക്കിക്കുട്ടി നിദാ ഫാത്തിമയെക്കൊണ്ട് അദ്ധ്യാപകര്‍ക്ക് സാമുഹ്യാവബോധത്തെക്കുറിച്ച് ഒരു ക്ലാസെടുപ്പിച്ചാല്‍ നന്നായിരുന്നു.

പണ്ട് കോവിലന്‍ എന്ന ഞങ്ങളുടെ അയ്യപ്പേട്ടന്‍ തമാശ പറയാറുണ്ട്. 'അക്കാലത്തെ ധൈര്യശാലികളെല്ലാം പോയി പട്ടാളത്തില്‍ ചേര്‍ന്നു. ബാക്കി വന്ന ഭീരുക്കള്‍ അധ്യാപകരായി.'

പക്ഷേ ആ ഭീരുക്കള്‍ വിവേകശാലികളായിരുന്നു. ഭയം എന്നത് ബുദ്ധിയുടെ തെളിവു കൂടി ആണല്ലോ.

സര്‍ക്കാര്‍ കൊടുക്കുന്ന പണം ഉപയോഗിച്ച് വാങ്ങിച്ചു കൂട്ടുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന എത്ര സ്‌കൂളുകള്‍ ഉണ്ട്?

ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നിര്‍മ്മിച്ച സ്മാര്‍ട്ടു ക്ലാസുകളും കംപ്യൂട്ടറുകളും എത്രത്തോളം ഉപയോഗിക്കുന്നു?

ഗ്രാറ്റുവിറ്റിയെ തടസ്സപ്പെടുത്തുന്ന ഓഡിറ്റു റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ഭയം എന്ന താക്കോല്‍കൊണ്ട് ഇതിന്റെയെല്ലാം വാതില്‍ ശാശ്വതമായി അടച്ചിട്ടിരിക്കുകയാണ്.

ചോദ്യങ്ങള്‍ ഇങ്ങനെ ഒരു പാടുണ്ട്. വിദ്യാഭ്യാസ വകുപ്പിനു പുറമേ ഇതിനെല്ലാം മറുപടി പറയേണ്ട രണ്ടു വിഭാഗങ്ങള്‍ കൂടി ഉണ്ട്. സര്‍ക്കാര്‍ സംവിധാനവും അനുവദിക്കുന്ന ഫണ്ടും ഉപയോഗപ്പെടുത്തി വിദ്യാലയത്തിന്റെ സൗകര്യങ്ങള്‍ സംവിധാനം ചെയ്യാന്‍ നിയമപരമായിത്തന്നെ അധികാരമുള്ള തദ്ദേശ സ്ഥാപനങ്ങളും പിടിഎയും. മറ്റ് ജനപ്രതിനിധികളും ഉണ്ട്. അവര്‍ എന്തു ചെയ്യുന്നു?

ആ മിടുക്കിക്കുട്ടി നിദയെക്കൊണ്ട് അധ്യാപകര്‍ക്ക് ഒരു ക്ലാസെടുപ്പിച്ചാല്‍ നന്നായിരുന്നുവെന്ന് അശോകന്‍ ചരുവില്‍
ഷഹ്‌ലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് സി രവീന്ദ്രനാഥ് ; വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി 

സുല്‍ത്താന്‍ ബത്തേരി ഉള്‍പ്പെടുന്ന വയനാട് നിയോജക മണ്ഡലത്തിലെ എം.പി. ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും നിശ്ചയമില്ല. ബാക്കിയുള്ളത് എം.എല്‍.എ. ശ്രി.ഐ.സി.ബാലകൃഷ്ണനാണ്. അദ്ദേഹം കോഴിക്കോട് വഴിയാണല്ലോ തിരുവനന്തപുരത്തേക്ക് പോകുന്നത്. സമയമുണ്ടാക്കി ചെന്ന് നടക്കാവിലേയും കാരാപ്പറമ്പിലേയും സര്‍ക്കാര്‍ സ്‌കൂളുകള്‍ കാണണം. ലഭ്യമാവുന്ന സഹായങ്ങളും സൗകര്യങ്ങളും എം.എല്‍.എ.മാര്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയും.

Related Stories

No stories found.
logo
The Cue
www.thecue.in