സ്ത്രീവിരുദ്ധതയുടെ അംബാസിഡര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ ഓര്‍ക്കണം; ചാനല്‍ മത്സരം പരിധികള്‍ വിടുകയാണോ എന്ന് അരുണ്‍ കുമാര്‍

സ്ത്രീവിരുദ്ധതയുടെ അംബാസിഡര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ ഓര്‍ക്കണം; ചാനല്‍ മത്സരം പരിധികള്‍ വിടുകയാണോ എന്ന് അരുണ്‍ കുമാര്‍

വിനു വി. ജോണ്‍ നടത്തിയ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമാകവെ രൂക്ഷവിമര്‍ശനവുമായി ഡോ. അരുണ്‍ കുമാര്‍. ട്വന്റി ഫോര്‍ ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകനുമായിരുന്നു അരുണ്‍ കുമാര്‍.

പിതൃത്വ പരിശോധനയിലേക്ക് നീളുന്ന വഷളത്തരം നാവു പിഴയല്ല.സ്ത്രീവിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസിഡറര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചുകയറ്റുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഓര്‍ക്കണമായിരുന്നു എന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.

അരുണ്‍ കുമാര്‍ പറഞ്ഞത്

പിതൃത്വപരിശോധനയിലേക്കു നീളുന്ന വഷളത്തരം നാവു പിഴയല്ല. സ്ത്രീവിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസിഡറര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചുകയറ്റുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഓര്‍ക്കണമായിരുന്നു. ഈ ചര്‍ച്ചകള്‍ കൊണ്ട് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്ത്? ദ്വയാര്‍ത്ഥങ്ങളും സ്ത്രീവിരുദ്ധതയും വ്യക്തിവിരോധവും വാര്‍ത്താ മുറിയെ പൂര്‍ണ്ണമായും കീഴടക്കിയെന്നോ? ചാനല്‍ മല്‍സരം പരിധികള്‍ വിടുകയാണ് എന്നോ?

വെള്ളിയാഴ്ചത്തെ ന്യൂസ് അവര്‍ ചര്‍ച്ചയ്‌ക്കെതിരെ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിനു.വി ജോണ്‍ നടത്തിയ ചര്‍ച്ചയില്‍ ട്വന്റി ഫോര്‍ ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിക്കും കുടുംബത്തിനുമെതിരെ പാനലിസ്റ്റ് റോയ് മാത്യു നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീകണ്ഠന്‍ നായരുടെ പ്രതികരണം.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു നിയമവ്യവസ്ഥയേയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലൂണ്ടായതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ആ ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് നിയമവിരുദ്ധമാണ് എന്നതുകൊണ്ട് തന്നെ സംപ്രേക്ഷണം ചെയ്യുന്നില്ല. സ്ത്രീത്വത്തിനെതിരെ വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം ടിവിയില്‍ കയറിയിരുന്ന് പറയുന്ന പത്രവര്‍ത്തകനാണ് റോയ് മാത്യു. ന്യൂസ് അവറിലിരിക്കുമ്പോള്‍ വിനു വി ജോണ്‍ എന്ന് പറയുന്ന ആളിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല. ആ തരത്തിലാണ് അദ്ദേഹം പറയുക,'' ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരായ വിനു.വി ജോണിനും റോയ് മാത്യുവിനുമെതിരെ അഡ്വ. മനീഷ രാധാകൃഷ്ണന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനു.വി ജോണ്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് റോയ് മാത്യു മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 24 ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയുടെ ഭാര്യയാണ് മനീഷ രാധകൃഷ്ണന്‍.

24ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയും മോന്‍സനും ഒരു പരിപാടിയില്‍ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് മകളുടെ പിറന്നാള്‍ ആഘോഷമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോയ് മാത്യു മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മനീഷ രാധാകൃഷ്ണന്‍ പറഞ്ഞു. ബാലാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും മനീഷ പ്രതികരിച്ചു.

അതേസമയം പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. താന്‍ നടത്തിയ പിതൃത്വ പരാമര്‍ശം നാക്കു പിഴയായിരുന്നു. അവതാരകന്‍ അത് അപ്പോള്‍ തന്നെ ഇടപെട്ട് തിരുത്തിയെങ്കിലും അത് വലിയ വീഴ്ചയായി പോയെന്നാണ് റോയ് മാത്യു പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in