അറസ്റ്റ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം, നടപടി രാഷ്ട്രീയ പ്രേരിതമെന്നും എം.സി കമറുദ്ദീന്‍

അറസ്റ്റ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം, നടപടി രാഷ്ട്രീയ പ്രേരിതമെന്നും എം.സി കമറുദ്ദീന്‍

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംസി കമറുദ്ദീന്‍ എംഎല്‍എ മാധ്യമങ്ങളോട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി. നോട്ടീസ് പോലും നല്‍കാതെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യലിനൊടുവില്‍ വൈകുന്നേരത്തോടെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

തന്റെ ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. എന്നാല്‍ അതിന് പോലും കാത്തിരിക്കാതെയാണ് കാര്യങ്ങള്‍ അന്വേഷിക്കാനെന്ന രീതിയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതുകൊണ്ടൊന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാനാകില്ലെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ പിരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് എംസി കമറുദ്ദീന്‍, പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെയുള്ള പരാതി. പണം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എംഎല്‍എയ്ക്ക് എതിരെ ഇതിനകം 115 പരാതികളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in