‘സൈന്യത്തിലെ അച്ചടക്കം ലംഘിക്കപ്പെട്ടേക്കും’;  വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയ്‌ക്കെതിരെ കരസേന

‘സൈന്യത്തിലെ അച്ചടക്കം ലംഘിക്കപ്പെട്ടേക്കും’; വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയ്‌ക്കെതിരെ കരസേന

വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയില്‍ നിന്ന് സൈന്യത്തെ ഒഴിവാക്കണമെന്നാവശ്യം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കിയത് മൂലം സൈന്യത്തിലെ അച്ചടക്കം ലംഘിക്കപ്പെടാന്‍ സാധ്യതയുണടെന്ന് ചൂണ്ടിക്കാട്ടിയാണ ആവശ്യം. ഇത് സംബന്ധിച്ച് വിധി പുഃനപരിശോധിക്കണമെന്ന ആവശ്യം കരസേന പ്രതിരോധമന്ത്രാലയത്തിനുമുമ്പില്‍ ഉന്നയിച്ചിട്ടുണ്ട്. വിധിയുണ്ടായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് സൈന്യത്തിന്റെ നടപടി.

ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയുമായി മറ്റൊരു ഉദ്യോഗസ്ഥന് ബന്ധമുളളതായി തെളിഞ്ഞാല്‍ അയാളെ സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ സൈനികചട്ടങ്ങള്‍ പ്രകാരം സാധിക്കും. എന്നാല്‍, 497-ാം വകുപ്പ് റദ്ദാക്കിയത് മൂലം ഇതിന് സാധുതയില്ലാതായി.

വിരമിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയുമായി വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെട്ട കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ പട്ടാളവിചാരണ കഴിഞ്ഞമാസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.497-ാംവകുപ്പ് റദ്ദാക്കിയതോടെ ഇത്തരം കുറ്റമാരോപിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ സേനയ്ക്കുമേല്‍ നിയന്ത്രണം വന്നിരിക്കുകയാണ്.

വിവാഹേതരബന്ധത്തിനെതിരെയുള്ള കരസേനാ നിയമത്തിന്റെ സാധുത നഷ്ടപ്പെട്ടത് സൈന്യത്തിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ വെല്ലുവിളി സൃഷ്ടിക്കുമെന്ന് സേനാവൃത്തങ്ങള്‍ പറയുന്നു. ജോലിയുടെ ഭാഗമായി പുരുഷ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മാസങ്ങളോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ അച്ചടക്കമില്ലാത്ത പെരുമാറ്റം ചില പുരുഷ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വാദം.

വിവാഹിതയുമായി ഉഭയസമ്മതത്തോടെ ബന്ധപ്പെട്ടാലും ആ സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷനെമാത്രം ക്രിമിനല്‍ക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്നതായിരുന്നു 497-ാംവകുപ്പ്. ദാമ്പത്യബന്ധത്തില്‍ ഭര്‍ത്താവിന് മേധാവിത്വം നല്‍കുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള നിയമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 സെപ്റ്റംബറില്‍ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് നിയമം റദ്ദാക്കിയത്.

പുരുഷന്റെ സ്വകാര്യസ്വത്താണ് സ്ത്രീയെന്ന സങ്കല്പത്തില്‍ ഊന്നി ഏകപക്ഷീയമാണ് വിവാഹേതരബന്ധ നിയമമെന്നും സ്ത്രീയുടെ അന്തസ്സിനെ ഇത് അവഹേളിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in