സംഘടനയെ മറയാക്കി സ്വര്‍ണ്ണക്കടത്തും ക്വട്ടേഷനും നടക്കില്ല: അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളി ഡിവൈഎഫ്‌ഐ

സംഘടനയെ മറയാക്കി സ്വര്‍ണ്ണക്കടത്തും ക്വട്ടേഷനും നടക്കില്ല: അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും തള്ളി ഡിവൈഎഫ്‌ഐ
Published on

ആര്‍.എസ്.എസ് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള കൊടും കുറ്റവാളികളാണ് അര്‍ജുന്‍ ആങ്കിയും ആകാശ് തില്ലങ്കേരിയുമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ മുന്‍ പ്രസിഡന്റ് മനു തോമസ്. പി. ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നത് പാര്‍ട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും മനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി. ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും അടക്കമുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരെയും പി. ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞതാണ്. ആര്‍.എസ്.എസ് ക്രിമിനലുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് ഇരുവരുമെന്നും മനു തോമസ് പറഞ്ഞു. സംഘടനയെ മറയാക്കി സ്വര്‍ണക്കടത്തും ക്വട്ടേഷനുമൊന്നും ഇനി നടക്കില്ലെന്നും മനുതോമസ് പറഞ്ഞു.

എല്ലാം തുറന്നുപറയും എന്ന് വിരട്ടി ഡി.വൈ.എഫ്.ഐയെ വെറുതെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നും മനു തോമസ് അര്‍ജുന്‍ ആയങ്കിയോട് പറഞ്ഞു. ആരെയും കൊല്ലാന്‍ പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടിട്ടില്ല.

സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാനാണ് പി. ജയരാജനെ പുകഴ്ത്തുന്നത്. പി.ജയരാജന്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐക്ക് മുന്നറിയിപ്പുമായി അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.

വെറുതെ തന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും പറഞ്ഞാല്‍ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമായിരുന്ന അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്.

പോസ്റ്റിട്ടയാള്‍ ഞാനല്ല, മെന്‍ഷന്‍ ചെയ്തു എന്നത് ഒഫന്‍സുമല്ല, എങ്കിലും മനഃപൂര്‍വ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.

അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ ഞാനും നിര്‍ബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്.

നിങ്ങള്‍ക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം.

അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല.

അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കാതിരിക്കുക,

അതാര്‍ക്കും ഗുണം ചെയ്യുകയില്ല.

കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നില്‍ക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് ??

'പത്രസമ്മേളനം താല്‍ക്കാലികമായി ഉപേക്ഷിക്കുന്നു.'

Related Stories

No stories found.
logo
The Cue
www.thecue.in