കുഞ്ഞിനെ നല്ല മനുഷ്യനായി വളര്‍ത്തും; കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ സമരവുമായി മുന്നോട്ടെന്ന് അനുപമ

കുഞ്ഞിനെ നല്ല മനുഷ്യനായി വളര്‍ത്തും;  കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ സമരവുമായി മുന്നോട്ടെന്ന് അനുപമ

കുഞ്ഞിനെ തിരികെ ലഭിച്ചതില്‍ ഒരുപാട് സന്തോഷമെന്ന് അനുപമ. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. നല്ല മനുഷ്യനായി അവനെ വളര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ആര്‍ഭാട ജീവിതമൊന്നുമായിരിക്കില്ല. ഒരു വര്‍ഷത്തില്‍ കൂടുതലായിട്ടുള്ള കാത്തിരിപ്പാണ് അവസാനിച്ചതെന്നും അനുപമ പറഞ്ഞു.

അനുപമ മാധ്യമങ്ങളോട് പറഞ്ഞത്

ഒരുപാട് സന്തോഷമുണ്ട്. ഒരു വര്‍ഷത്തില്‍ കൂടുതലായിട്ടുള്ള കാത്തിരിപ്പാണ്. അവന്‍ ഇണങ്ങി വരുന്നതേയുള്ളു. എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. സമരം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എല്ലാ മാധ്യമങ്ങളോടും വലിയ നന്ദിയുണ്ട്.

വകുപ്പുതല അന്വേഷണത്തില്‍ എന്റെ ആശങ്കകള്‍ എല്ലാം പരിഗണിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എന്നാണ് അറിഞ്ഞത്. സമരരീതികളെക്കുറിച്ച് അലോചിച്ച് മുന്നോട്ട് പോകും. കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്തി നടപടിയെടുക്കുന്നതു വരെ സമരം തുടരും.

നല്ലൊരു മനുഷ്യനായി അവനെ വളര്‍ത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ആന്ധ്ര ദമ്പതികളോടും നന്ദിയാണുള്ളത്. മൂന്ന് മാസത്തോളം സ്വന്തം മകനെപോലെ നോക്കി വളര്‍ത്തിയവരാണ് അവര്‍. അവരെ കൈവിടാനൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. സമരരീതിയുടെ കാര്യത്തില്‍ നാളെത്തന്നെ വ്യക്തത വരുത്തും.

The Cue
www.thecue.in