കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ആനാവൂര്‍ നാഗപ്പനും പങ്കുണ്ട്, പിന്തുണ നല്‍കുന്നത് ഭയംകൊണ്ടെന്ന് അനുപമ

കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ആനാവൂര്‍ നാഗപ്പനും പങ്കുണ്ട്, പിന്തുണ നല്‍കുന്നത് ഭയംകൊണ്ടെന്ന് അനുപമ

ദത്ത് വിവാദത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ അനുപമ. കുഞ്ഞിനെ ദത്ത്‌നല്‍കിയതില്‍ നാഗപ്പനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഷിജുഖാനെ സംരക്ഷിക്കുന്നതെന്നാണ് അനുപമ പറഞ്ഞത്.

ഷിജുഖാനെ സംരക്ഷിക്കാനുള്ള സി.പി.ഐ.എം നിലപാടിനെക്കുറിച്ച് ഒന്നും പറയാനില്ല. തെറ്റില്‍ പങ്കുള്ളതുകൊണ്ടാണ് ആനാവൂര്‍ നാഗപ്പന്‍ ഷിജുഖാനെ സംരക്ഷിക്കുന്നത്. തന്റെ പങ്ക് പുറത്തുവരുമോ എന്നും ആനാവൂര്‍ നാഗപ്പന് ഭയമുണ്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണ വിധേയരായവര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്നും സമര രീതി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

ഷിജു ഖാന്റെ പേരില്‍ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് തെളിയും വരെ നടപടി ഉണ്ടാവില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.

റിപ്പോട്ടില്‍ ഉള്ള തീരുമാനങ്ങള്‍ പുറത്തുവരട്ടെ. ശിശുക്ഷേമ സമിതിയ്ക്ക് ലൈസന്‍സില്ലായെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ശിശുക്ഷേമ സമിതി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ആരോപണം ഉന്നയിച്ചാല്‍ അതിന്റെ പിന്നാലെ പോകുന്നത് പാര്‍ട്ടിയുടെ പണിയല്ലെന്നാണ് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്.

ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയാണ് എന്നും വീഴ്ച കണ്ടെത്തിയാല്‍ പരിശോധിക്കുമെന്നും നാഗപ്പന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടിയത്. കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി നവംബര്‍ 11നാണ് അനുപമ ശിശുക്ഷേമ സമിതിയ്ക്ക് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.

The Cue
www.thecue.in