മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാം, തെറ്റു ചെയ്തവരെ സംരക്ഷിക്കുന്നത് എന്തിന്? ഷിജുഖാനെതിരെ നടപടി വേണമെന്ന് അനുപമ

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാം, തെറ്റു ചെയ്തവരെ സംരക്ഷിക്കുന്നത് എന്തിന്? ഷിജുഖാനെതിരെ നടപടി വേണമെന്ന് അനുപമ

ദത്ത് വിവാദവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ധരിപ്പിച്ചതാണെന്നും എന്നാല്‍ വിഷയം ആരും ചര്‍ച്ചക്കെടുക്കാന്‍ തയ്യാറിയല്ലെന്നും അനുപമ. എന്തുകൊണ്ടാണ് പാര്‍ട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്നതെന്നും അനുപമ ചോദിച്ചു.

പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിഷയം സംസാരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് പേരുടെ പേരുകള്‍ പുറത്തു വന്നിരുന്നതുകൊണ്ടാകാം ഷിജുഖാന്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു.

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാവാം. പക്ഷെ അദ്ദേഹത്തിന്റെ വകുപ്പില്‍ അന്വേഷണത്തിന് കത്ത് നല്‍കിയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് വിഷയം പരിഗണിക്കാത്തത് എന്ന് അറിയില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും കൊവിഡ് ആയതുകൊണ്ട് കാണാന്‍ പറ്റില്ലെന്നൊക്കെയാണ് പറഞ്ഞത്. ആദ്യം പരാതി നേരിട്ട് കൊടുക്കാമെന്നാണ് കരുതിയത് . മന്ത്രി വീണ ജോര്‍ജിനെ കണ്ട സമയത്തും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതിന് സാധിച്ചില്ലെന്നും അനുപമ പറഞ്ഞു.

ഇതിന് മുമ്പും നിരവധി ഉറപ്പുകള്‍ കിട്ടിയിരുന്നു. പക്ഷെ ഒരു ഉറപ്പും പാലിച്ചു കണ്ടില്ല. അതുകൊണ്ട് ഇനി ഉറപ്പ് വേണ്ട. എന്റെ ആവശ്യം നിറവേറി കിട്ടുകയാണ് വേണ്ടത്. അതുവരെ സമരം ചെയ്യുമെന്നും അനുപമ പറഞ്ഞു.

തെറ്റ് ചെയ്തവരെ എന്തിനാണ് പാര്‍ട്ടി സംരക്ഷിക്കുന്നതെന്ന് മനസിലാകുന്നില്ല. അവരെ പുറത്താക്കിയാല്‍ തെറ്റ് ചെയ്ത പലരുടെയും പേര് പുറത്തുവരുമെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയും അജിത്തും ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിലാണ്. കഴിഞ്ഞ ദിവസം സമരപ്പന്തല്‍ കെട്ടാന്‍ പൊലീസ് അനുമതി നിഷേധിച്ചെന്നും അനുപമ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in