മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല, പത്ത് മുതല്‍ സമരമെന്ന് അനുപമ

മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല, പത്ത് മുതല്‍ സമരമെന്ന് അനുപമ

മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് അനുപമ. ദത്ത് വിഷയത്തില്‍ കുഞ്ഞുമായി പ്രത്യക്ഷ സമരം നിലവില്‍ സാധ്യമല്ല. പത്തിന് ശേഷം എല്ലാവരുമായി കൂടിയാലോചിച്ച് തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കുമെന്നും അനുപമ മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു.

വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരും. അനുപമ ഐ.എ.എസിന്റെ റിപ്പോര്‍ട്ട് സി.ഡബ്ല്യു.സിയെയും ശിശുക്ഷേമ സമിതിയെയും സംരക്ഷിക്കുന്നതായിരിക്കാനാണ് സാധ്യതയെന്നും അനുപമ പറഞ്ഞു. ആരൊക്കെ മൊഴി നല്‍കി, എന്താണ് മൊഴി എന്നെല്ലാം പുറത്ത് വരണം. അങ്ങനെ വന്നാല്‍ തനിക്കും ഭര്‍ത്താവിനും എതിരെയുള്ള വ്യാജ പ്രചാരണം അവസാനിക്കും.

അനുപമ ഐ.എ.എസ് രണ്ട് തവണ മൊഴി എടുത്ത് വിശദമായ മൊഴി നല്‍കിയിട്ടും തന്റെ സമ്മതത്തോടെയാണ് ദത്ത് നല്‍കിയതെന്ന് വരുത്തി തീര്‍ക്കാന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിട്ടിരിക്കുകയാണെന്നും അനുപമ ആരോപിച്ചു. മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇത് ചെയ്യുന്നത്. കുട്ടിയെ അന്വേഷിച്ച് ശിശുക്ഷേമ സമിതിയില്‍ ചെന്നതിന്റെ തെളിവുകള്‍ രജിസ്റ്ററില്‍ നിന്ന് ചുരണ്ടിമാറ്റി. ഇതിനൊക്കെ സര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്നും അനുപമ പറഞ്ഞു.

ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ അന്വേഷിച്ചു ചെന്നതിന് ശേഷമാണ് ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കിയത്. അതൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നേയില്ല. റിപ്പോര്‍ട്ട് എന്താണെന്ന് അറിയാതെ സമിതി ജനല്‍ സെക്രട്ടറി ഷിജു ഖാനെ പുറത്താക്കില്ലെന്ന് ജില്ലാ സെക്രട്ടറി പറയുകയാണ്. നടപടി എടുക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. കുഞ്ഞിനെ കിട്ടിയാല്‍ പ്രശ്‌നം തീര്‍ന്നു എന്ന മട്ടിലാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിക്കും അജിത്തിനുമെതിരെയുള്ള മോശം പ്രചാരണത്തിന് ഒരു കുറവുമില്ലെന്നും ഇതിനെല്ലാം പിന്നില്‍ സൈബര്‍ സഖാക്കളാണെന്നും അനുപമ പറഞ്ഞു. തെറ്റായ കാര്യങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഭാവി ജീവിതം ഇതിലൂടെ പ്രതിസന്ധിയിലാവുകയാണെന്നും അനുപമ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം കാര്യമായി എടുക്കുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in