സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്; പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആനാവൂര്‍ നാഗപ്പന്‍

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്; പിന്നില്‍ ആര്‍.എസ്.എസ് എന്ന് ആനാവൂര്‍ നാഗപ്പന്‍

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്റെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെയും കല്ലേറ് നടന്നത്.

വീടിന് മുന്നിലെ മുറിയുടെ ജനല്‍ ചില്ലുകളാണ് തകര്‍ന്നിരിക്കുന്നത്. സംഭവ സമയത്ത് ആനാവൂര്‍ നാഗപ്പന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

തന്റെ വീട് ആക്രമിച്ചത് ആര്‍.എസ്.എസുകാരാണെന്ന് ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്തത്. കിടപ്പ് മുറിയിലാണ് കല്ല് വീണത്. പ്രകോപനം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലാല്‍ സതീര്‍ഥ്യന്‍, ഹരി ശങ്കര്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പിടികൂടാനുള്ള ബാക്കി മൂന്ന് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

രാവിലെ അഞ്ചു മണിയോടെ ഇവര്‍ ചികിത്സയിലുണ്ടായിരുന്ന ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയ്ക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in