ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ ആത്മഹത്യ, പൊലീസിനും ആശുപത്രിക്കും വീഴ്ചയെന്ന് സ്വതന്ത്ര അന്വേഷണ സംഘം

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ ആത്മഹത്യ, പൊലീസിനും ആശുപത്രിക്കും വീഴ്ചയെന്ന് സ്വതന്ത്ര അന്വേഷണ സംഘം

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ ആത്മഹത്യ അന്വേഷിച്ച പൊലീസിനും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കും ഗുരുതര പിഴവുകള്‍ സംഭവിച്ചതായി സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ തിരക്കിട്ടാണ് അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശസ്ത്രക്രിയയ്ക്ക് അനന്യ മാനസികമായി തയ്യാറാണോ എന്ന് ഫലപ്രദമായി വിലയിരുത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചു. ആത്മഹത്യയുടെ അന്വേഷണത്തില്‍ പൊലീസിന് സംഭവിച്ച പാകപ്പിഴകളില്‍ പുനരന്വേഷണം വേണം. കളമശ്ശേരി പൊലീസിന്റെ ഭാഗത്ത് നിന്ന് ഇന്‍ക്വസ്റ്റ് നടപടികളിലും മൊഴിയെടുക്കുന്നതിലും തെളിവ് ശേഖരിക്കുന്നിതലും വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വീഴ്ചയുണ്ട്. വസ്തുതകള്‍ പോലും വ്യക്തമാക്കിയിട്ടില്ല. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ഒരു മാസത്തിനുള്ളില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് 2022 ജനുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ പല ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഇത്തരത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ഈ മേഖലയില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും വിദഗ്ധ ഡോക്ടര്‍മാരും പൗരാവകാശ പ്രവര്‍ത്തകരുമടങ്ങിയ സംഘം വിലയിരുത്തി.

2021 ജൂലൈ 21നാണ് അനന്യകുമാരിയെ കൊച്ചിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവുകളെ തുടര്‍ന്നുണ്ടായ ശാരീരിക പ്രയാസങ്ങളാണ് അനന്യയുടെ ആത്മഹത്യയ്ക്ക് നയിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന ആക്ഷന്‍ കൗണ്‍സില്‍ ആണ് സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

Related Stories

No stories found.
logo
The Cue
www.thecue.in