'നിര്‍ണായക യോഗങ്ങള്‍ അറിയിച്ചില്ല', ഗുലാം നബി ആസാദിന് പിന്നാലെ കോണ്‍ഗ്രസ് പദവി രാജി വെച്ച് ആനന്ദ് ശര്‍മയും

'നിര്‍ണായക യോഗങ്ങള്‍ അറിയിച്ചില്ല', ഗുലാം നബി ആസാദിന് പിന്നാലെ കോണ്‍ഗ്രസ് പദവി രാജി വെച്ച് ആനന്ദ് ശര്‍മയും

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. സോണിയ ഗാന്ധിയ്ക്കയച്ച കത്തിലാണ് രാജിവെക്കുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ആനന്ദ് ശര്‍മയുടെ രാജി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്ന ജി 23 നേതാക്കളില്‍ പ്രധാനികളാണ് ആനന്ദ ശര്‍മയും ഗുലാം നബി ആസാദും.

2022 അവസാനത്തോടെ നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏപ്രില്‍ 26നാണ് സ്റ്റിയറിംഗ് കമ്മിറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയത്.

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍ണായക യോഗങ്ങളെകുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നാണ് ആനന്ദ ശര്‍മ രാജിക്കത്തില്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. എന്നാല്‍ ആത്മാഭിമാനം പണയപ്പെടുത്തിക്കൊണ്ടുള്ള നീക്കത്തിന് തയ്യാറല്ലെന്നും ആനന്ദ് ശര്‍മ കത്തില്‍ പറയുന്നു.

ഓഗസ്റ്റ് ഏഴ്, എട്ട് ദിവസങ്ങളില്‍ എ.ഐ.സി.സി നിരീക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഷിംല സന്ദര്‍ശിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളും ഇതിനു പിന്നാലെ നടന്നു. എന്നാല്‍ ഈ യോഗങ്ങളെ കുറിച്ച് ഒന്നും തന്നെ അറിയിക്കുകയോ പങ്കെടുക്കാന്‍ ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആനന്ദ് ശര്‍മ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in