വ്യാജ പ്രചരണങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍; പെഗാസസില്‍ കേന്ദ്രത്തെ വീണ്ടും പ്രതിരോധത്തിലാക്കി ആംനസ്റ്റിയുടെ പ്രസ്താവന

വ്യാജ പ്രചരണങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍; പെഗാസസില്‍ കേന്ദ്രത്തെ വീണ്ടും പ്രതിരോധത്തിലാക്കി ആംനസ്റ്റിയുടെ പ്രസ്താവന

ന്യൂഡല്‍ഹി: പെഗാസസില്‍ പാര്‍ലമെന്റില്‍ വിവാദം രൂക്ഷമാകവേ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ആംനസ്റ്റി ഇന്റര്‍നാഷണല്‍. പെഗാസസ് റിപ്പോര്‍ട്ട് വ്യാജ വാര്‍ത്തയാണെന്നും മഞ്ഞ പത്രങ്ങളാണ് ഇതിന് പിന്നിലെന്നും ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് ആംനസ്റ്റി പെഗാസസ് റിപ്പോര്‍ട്ടില്‍ നിന്ന് ഉറച്ചുനില്‍ക്കുന്നുവെന്ന് കാണിച്ച് പ്രസ്താവന ഇറക്കിയത്.

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ആംനസ്റ്റി പ്രസ്താവനയും ഇറക്കിയത്. എന്‍.എസ്.ഒ ലക്ഷ്യംവെച്ച നമ്പറുകളാണ് പുറത്തായതെന്നും ആംനസ്റ്റി വ്യക്തമാക്കി. റിപ്പോര്‍ട്ടിനെതിരെ പരക്കെ ഉയരുന്ന വ്യാജ പ്രചരണങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും അനധികൃതമായി നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അപ്രസക്തമാക്കാനും ദുര്‍ബലപ്പെടുത്താനുമാണെന്നും ആംനെസ്റ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഞ്ജയ കച്ചാരുവിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്.

പെഗാസസ് പ്രോജക്ട് ഡാറ്റ

പാരീസ് ആസ്ഥാനമാക്കിയുള്ള ഫോര്‍ബിഡണ്‍ സ്റ്റോറീസ് എന്ന നോണ്‍ പ്രോഫിറ്റ് മീഡിയ ഓര്‍ഗനൈസേഷനും ആംനസ്റ്റി ഇന്റര്‍നാഷണലിനും 2016 മുതല്‍ എന്‍.എസ്.ഒയുടെ ക്ലയിന്റ് ഉപയോഗിക്കുന്ന അമ്പതിനായിരത്തില്‍ പരം ഫോണ്‍ നമ്പറുകളാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാരുകള്‍ എന്‍.എസ്.ഒയ്ക്ക് കൈമാറിയതാണ് ഈ നമ്പറുകള്‍.

അവരിത് പതിനാറില്‍ പരം മീഡിയ ഓര്‍ഗനൈസേഷന്‍സിന് കൈമാറുകയായിരുന്നു. 80 ഓളം മാധ്യമ പ്രവര്‍ത്തകര്‍ പെഗാസസ് പ്രോജക്ടിന്റെ ഭാഗമായി മാസങ്ങളോളം പ്രവര്‍ത്തിച്ചു.

പ്രൊജക്ടിന്റെ ടെക്‌നിക്കല്‍ പാര്‍ട്ണറായ ആംനസ്റ്റി സെക്യൂരിറ്റി ലാബ് ഫോറന്‍സിക് അനാലിസ് നടത്തി. ഈ അന്വേഷണത്തില്‍ ക്രിമിനലുകള്‍ക്കും ടെറസിസ്റ്റുകള്‍ക്കുമെതിരെ മാത്രം ഉപയോഗിക്കാന്‍ ഡിസൈന്‍ ചെയ്യപ്പെട്ടത് എന്ന് എന്‍.എസ്.ഒ അവകാശപ്പെടുന്ന ഹാക്കിങ്ങ് സ്‌പൈവെയറിന്റെ ദുരുപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

എന്‍.എസ്.ഒ ഗ്രൂപ്പ് അവകാശപ്പെടുന്നത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുള്ള സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് വില്‍ക്കുകയുള്ളു എന്നാണ്. ഇത് തന്നെയാണ് ഇന്ന് പല സര്‍ക്കാരുകളെയും പ്രതിരോധത്തിലാക്കുന്നതും.

67 സ്മാര്‍ട്ട് ഫോണുകളില്‍ ആംനസ്റ്റി ലാബ് പരിശോധന നടത്തിയതില്‍ 23 എണ്ണത്തിലും പെഗാസസ് ഇന്‍ഫെക്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി, 14 എണ്ണത്തില്‍ അറ്റാക്കിനുള്ള ശ്രമങ്ങള്‍ കണ്ടെത്തി, ബാക്കിയുള്ള 30 എണ്ണത്തില്‍ കൃത്യമായ നിഗമനത്തില്‍ എത്താന്‍ സാധിച്ചില്ല. ഭൂരിഭാഗം കേസിലും ഫോണ്‍ മാറ്റിയിരുന്നു എന്നതാണ് കാരണം. എന്‍,എസ്.ഒയുടെ വാദങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ സര്‍ക്കാരുകള്‍ അറിയാതെ ഈ ചോര്‍ത്തല്‍ നടക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in