സമ്മര്‍ദ്ദത്തിന് പിന്നാലെ വിജയ് ബാബുവിനെതിരെ നടപടിക്ക് അമ്മ, നാളെ എക്സിക്യുട്ടീവ് മീറ്റിംഗ്

സമ്മര്‍ദ്ദത്തിന് പിന്നാലെ വിജയ് ബാബുവിനെതിരെ നടപടിക്ക് അമ്മ, നാളെ എക്സിക്യുട്ടീവ് മീറ്റിംഗ്

ബലാല്‍സംഗ കേസില്‍ പൊലീസ് തിരയുന്ന നടന്‍ വിജയ് ബാബുവിനെതിരെ നടപടിക്കായി താരസംഘടനയായ അമ്മ. വിജയ് ബാബുവിന് എതിരായ ബലാല്‍സംഗ പരാതിയില്‍ സംഘടനയുടെ ആഭ്യന്തര പരാതി സമിതി റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി സ്വീകരിക്കുന്നതിനാണ് നാളെ എക്‌സിക്യുട്ടീവ് മീറ്റിംഗ് ചേരും. ശ്വേതാ മേനോനാണ് ഐ.സി.സിയുടെ ചെയര്‍ പേഴ്സണ്‍. മാലാ പാര്‍വ്വതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, ഇടവേളബാബു അഡ്വ. അനഖ എന്നിവരാണ് അമ്മയുടെ ഐ.സി.സി അംഗങ്ങള്‍.

നിലവില്‍ അമ്മ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് വിജയ് ബാബു. വിജയ് ബാബുവിനെതിരെ യുവനടി നല്‍കിയ ബലാല്‍സംഗ പരാതിയില്‍ താരസംഘടന ഉള്‍പ്പെടെ നടപടിയെടുക്കാത്തതിനും പ്രതികരിക്കാത്തതിനും എതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐസിസി മുന്നോട്ട് വെച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്നും പുറത്താക്കാനുള്ള അധികാരം ഐ.സി.സിക്ക് ഇല്ല. അതിനാലാണ് വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതിനായി ഐ.സി.സി. റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയത്.

ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ ഗോവയിലാണ്. അതിനാല്‍ മോഹന്‍ലാല്‍ നാളത്തെ മീറ്റിംഗില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും നിലവില്‍ ലഭ്യമായ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി ചേരാനാണ് തീരുമാനമായിരിക്കുന്നത്.

അതേസമയം വിജയ് ബാബുവിനെതിരെ മറ്റൊരു യുവതിയും ലൈംഗികാതിക്രമ ആരോപണം നടത്തിയിട്ടുണ്ട്. ജോലിയുടെ ഭാഗമായി കണ്ടപ്പോള്‍ ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in