ഒരു എം.എല്‍.എയെങ്കിലും മുന്നോട്ട് വന്ന് പറഞ്ഞാല്‍ രാജിക്ക് തയ്യാര്‍; ഉദ്ധവ് താക്കറെ

ഒരു എം.എല്‍.എയെങ്കിലും മുന്നോട്ട് വന്ന് പറഞ്ഞാല്‍ രാജിക്ക് തയ്യാര്‍; ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര സര്‍ക്കാരില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ. വിമത നീക്കങ്ങള്‍ പാളിയതിന് പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

എം.എല്‍.എമാരില്‍ ആരെങ്കിലും മുന്നോട്ട് വന്ന് പറയുകയാണെങ്കില്‍ രാജിക്ക് തയ്യാറാണ് എന്നാണ് ഉദ്ധവ് അറിയിച്ചത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പം ചേര്‍ന്ന് 30 ഓളം എം.എല്‍.എമാര്‍ വിമത നീക്കം നടത്തിയതിന് പിന്നാലെയാണ് നടപടി.

കോണ്‍ഗ്രസും എന്‍.സി.പിയും പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയാകില്ലായിരുന്നു. കമല്‍നാഥ് അടക്കം പറഞ്ഞു, ഞാന്‍ മുഖ്യമന്ത്രിയായിരിക്കണം. പക്ഷെ എന്റെ തന്നെ ആളുകള്‍ എന്നെ ആവശ്യമില്ലെന്ന് പറയുമ്പോള്‍ തനിക്ക് എന്ത് പറയാന്‍ കഴിയും. ഏതെങ്കിലും എം.എല്‍.എമാര്‍ക്ക് ഞാന്‍ മുഖ്യമന്ത്രിയായി തുടരുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നും താക്കറെ പറഞ്ഞു.

25 വര്‍ഷം യുദ്ധം ചെയ്ത കോണ്‍ഗ്രസിനോടും എന്‍.സി.പിയോടും കൈകോര്‍ത്താണ് മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്നതെന്നും ഉദ്ധവ് പറഞ്ഞു. അതേസമയം ചില എം.എല്‍.എമാര്‍ തിരികെ വരണമെന്ന് പറഞ്ഞ് തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഉദ്ധവ് പറഞ്ഞു.

നിയമസഭ പരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.

ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു.

സഭയില്‍ മുന്നില്‍ രണ്ട് ഭൂരിപക്ഷം തങ്ങള്‍ക്ക് ഉണ്ടെന്നാണ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. ശിവസേനയില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നും സേന നേതാവ് ബാലാസാഹേബ് താക്കറെയുടെ ഹിന്ദുത്വ ആശയവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നു ഷിന്‍ഡെ പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരം പത്ത് മിനുറ്റ് വിമത നേതാക്കളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസാരിച്ചിരുന്നു. പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് താക്കറെ ഷിന്‍ഡെയോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in