അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി; താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് അമേരിക്കയോട് ചൈന

അഫ്ഗാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറി; താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് അമേരിക്കയോട് ചൈന

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും യു.എസിനോട് ചൈന. അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നല്‍കുമെന്നും ചൈന പറഞ്ഞു.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി ടെലിഫോണില്‍ സംസാരിക്കവെയാണ് താലിബാനുമായി ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സേനയുട പിന്‍മാറ്റത്തിനുള്ള സമയ പരിധി ഓഗസ്റ്റ് 31 ന് അവസാനിക്കാനിരിക്കെ അവിടുത്തെ സ്ഥിതിഗതികളും ഒഴിപ്പിക്കലും സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തതെന്ന് ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

'അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ക്ക് അടിസ്ഥാനപരമായി മാറ്റം സംഭവിച്ചിട്ടുണ്ട്. അവരെ നയിക്കുന്നതിനായി താലിബാനുമായി എല്ലാ കക്ഷികളും ബന്ധം സ്ഥാപിക്കേണ്ടത് ആവശ്യമാണ്,' വിദേശകാര്യമന്ത്രി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് പറഞ്ഞു.

അമേരിക്കരയടക്കമുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് അഫ്ഗാന് അടിയന്തര സാമ്പത്തിക, ഉപജീവന സഹായങ്ങളും നല്‍കേണ്ടതുണ്ട്. അഫ്ഗാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ രാഷ്ട്രീയ ഘടന നിലനിര്‍ത്തുന്നതിനായും സാമൂഹ്യ സുരക്ഷ, സ്ഥിരത എന്നിവ കൊണ്ടു വരുന്നതിനും കറന്‍സിയുടെ മൂല്യതകര്‍ച്ച കുറയ്ക്കുന്നതിനും സമാധാനപരമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഇടപെടേണ്ടതുണ്ടെന്നും വാങ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ശക്തികളെ ഇല്ലാതാക്കുന്നതിന് അഫ്ഗാന്‍ യുദ്ധത്തിന് സാധിച്ചില്ലെന്നാണ് തെളിവുകള്‍ പറയുന്നത്. അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നത് അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ ശക്തിപ്പെടാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. അഫ്ഗാനിലുള്ള ആക്രമണങ്ങളെയും തീവ്രവാദത്തെയും ഇല്ലാതാക്കുന്നതിന് കാര്യമായ ഇടപെടല്‍ അമേരിക്ക നടത്തണമെന്നും വാങ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in