രണ്ടര വയസ്സുകാരിയെ കണ്ണ് ചൂഴ്‌ന്നെടുത്ത് കൊന്നവരെ തൂക്കിലേറ്റണമെന്ന് മോദിയോടും യോഗിയോടും അമ്മ 

രണ്ടര വയസ്സുകാരിയെ കണ്ണ് ചൂഴ്‌ന്നെടുത്ത് കൊന്നവരെ തൂക്കിലേറ്റണമെന്ന് മോദിയോടും യോഗിയോടും അമ്മ 

ഉത്തര്‍പ്രദേശിലെ തപ്പാലില്‍ രണ്ടര വയസ്സുകാരിയെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന് അമ്മ ശില്‍പ ശര്‍മ. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുമാണ് അവര്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. രണ്ടരവയസ്സുകാരിയെ അയല്‍ക്കാരായ സാഹിദ്, അസ്ലം എന്നിവര്‍ ചേര്‍ന്ന് നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

പ്രതികളിലൊരാള്‍ വായ്പയെടുത്ത തുക തിരികെയാവശ്യപ്പെട്ടതിനുള്ള പ്രതികാരമായിരുന്നു ക്രൂരമായ നരഹത്യ. കണ്ണ് ചൂഴ്ന്നെടുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പൂര്‍ണമായും അറ്റുപോയ ഒരു കൈ കാണ്‍മാനില്ലായിരുന്നു. കാലുകളില്‍ മുറിവുണ്ടായിരുന്നു. കുട്ടിയെ ബന്ധുവീട്ടില്‍ നിന്ന് കാണാതായി മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ രണ്ടിനാണ് മൃതദേഹം ലഭിച്ചത്. വീടിനടുത്തുള്ള മാലിന്യനിക്ഷേപ കേന്ദ്രത്തിലാണ് മൃതശരീരം കാണപ്പെട്ടത്.

തെരുവുനായ്ക്കള്‍ ശരീരഭാഗങ്ങള്‍ കടിച്ചെടുത്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം ശില്‍പ വിശദീകരിക്കുന്നതിങ്ങനെ. പ്രതികളിലൊരാളായ സാഹിദ് തന്റെ ഭര്‍തൃപിതാവിനോട് പതിനായിരം രൂപ കടം വാങ്ങിയിരുന്നു. അയാളുടെ പിതാവിന്റെ ചികിത്സയ്ക്കായാണ് പണം വാങ്ങിയത്. എന്നാല്‍ ഈ തുക പിന്നീട് തിരികെയാവശ്യപ്പെട്ടപ്പോള്‍ തരില്ലെന്നായിരുന്നു സാഹിദിന്റെ മറുപടി.

തുടര്‍ന്ന് ഭര്‍തൃപിതാവിനെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ മകളോട് അയാള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. 4 വയസ്സുകാരിയായ സ്വന്തം മകളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ ആളാണ് മറ്റൊരു പ്രതി അസ്ലം. അന്നത്തെ സംഭവത്തിന് ശേഷം ഭാര്യ ഇയാളെ വിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ശില്‍പ പറഞ്ഞു. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍.

അതേസമയം ബലാത്സംഗ സാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായി തള്ളിക്കളയുന്നുമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തെ തുടര്‍ന്ന് യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അതേസമയം പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിക്കാന്‍ കാലതാമസം വരുത്തിയതിന് 5 പൊലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in