'ബിനോയ്‌വിശ്വത്തേക്കാള്‍ വലിയ പരിസ്ഥിതിവാദി';അതിരപ്പിള്ളിപദ്ധതിയുമായി മുന്നോട്ടുപോകണമെന്ന പഴയ നിലപാടില്ലെന്ന് മന്ത്രി എകെ ബാലന്‍

'ബിനോയ്‌വിശ്വത്തേക്കാള്‍ വലിയ പരിസ്ഥിതിവാദി';അതിരപ്പിള്ളിപദ്ധതിയുമായി മുന്നോട്ടുപോകണമെന്ന പഴയ നിലപാടില്ലെന്ന് മന്ത്രി എകെ ബാലന്‍

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന പഴയ നിലപാട് തനിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. കേരളത്തിന് മുന്നില്‍ വൈദ്യുതിയുടെ കാര്യത്തില്‍ ഴയ പ്രതിസന്ധിയില്ല. 850 മെഗാവാട്ട് വൈദ്യുതി 25 വര്‍ഷത്തേക്ക് പുറത്ത് നിന്ന് വാങ്ങുന്ന കരാറുണ്ട്. 400 മെഗാവാട്ട് കൂടംകുളത്ത് നിന്ന് ലഭിക്കുന്നുണ്ടെന്നും മന്ത്രി എകെ ബാലന്‍ മനോരമയിലെ സുജിത്ത് നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുമെന്ന നിലപാട് സിപിഎം മാറ്റിയത് മുന്നണിയിലെ സമവായത്തിന്റെ ഭാഗമായാണ്. പ്രളയവും കോവിഡും ഉയര്‍ത്തുന്ന ഭീഷണികളുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വികാരത്തിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കുമാണ് സിപിഎം മുന്‍ഗണന നല്‍കുക. ലോഡ്‌ഷെഡിങ് ഉണ്ടായിരുന്നെങ്കില്‍ അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ചിന്തിക്കേണ്ടിവരുമായിരുന്നുവെന്നും മുന്‍വൈദ്യുതി മന്ത്രി കൂടിയായ എകെ ബാലന്‍ പറഞ്ഞു.

ഏകപക്ഷീമായി പദ്ധതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. പദ്ധതി നടപ്പിലാക്കാവുന്ന സാഹചര്യം എപ്പോളെങ്കിലും ഉണ്ടാവുകയാണെങ്കില്‍ അനുമതികള്‍ അസാധുവാകാതിരിക്കാനാണ് നിരാക്ഷേപപത്രം നല്‍കുന്നത്. വകുപ്പുതല നടപടിക്രമം മാത്രമായതിനാലാണ് മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതിരുന്നതെന്നും എകെ ബാലന്‍ വ്യക്തമാക്കി.

പദ്ധതി വിവാദമായത് താന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ്. വിയോജിക്കുന്നവര്‍ മന്ത്രിസഭയില്‍ തന്നെ ഉണ്ടായിരുന്നു. സിപിഐ പദ്ധതിയെ എതിര്‍ത്തെങ്കിലും യോജിപ്പുള്ളവര്‍ ആ പാര്‍ട്ടിയിലും കോണ്‍ഗ്രസിലും ഉണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് വൈദ്യുതിമന്ത്രിമാരായിരുന്നവരെല്ലാം പദ്ധതിക്ക് അനുകൂലമായിരുന്നു.

പദ്ധതിയെ എതിര്‍ക്കുന്ന ബിനോയ് വിശ്വത്തേക്കാള്‍ വലിയ പരിസ്ഥിതി വാദിയാണ് താന്‍. സിപിഎം നേതാവ് എന്ന് തെറ്റായി അഭിസംബോധന ചെയത അവതാരകനെക്കൊണ്ട് തിരുത്തിച്ചതിന് ശേഷമാണ് ബിനോയ് വിശ്വം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. അത്രയൊക്കെ വേണോയെന്നും മന്ത്രി എകെ ബാലന്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in