തകര്‍ന്ന വിമാനത്താവള മേല്‍ക്കൂരകള്‍ മൂന്ന്, പാലങ്ങളുടെ എണ്ണം 5; കേന്ദ്രം മറുപടി പറഞ്ഞ് മടുക്കും

തകര്‍ന്ന വിമാനത്താവള മേല്‍ക്കൂരകള്‍ മൂന്ന്, പാലങ്ങളുടെ എണ്ണം 5; കേന്ദ്രം മറുപടി പറഞ്ഞ് മടുക്കും

കേന്ദ്രത്തില്‍ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ അപകടങ്ങളുടെ ഘോഷയാത്ര. വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ വിമാനത്താവള മേല്‍ക്കൂരകളുടെ വീഴ്ച ശനിയാഴ്ചയും തുടരുകയാണ്. ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിന്റെ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് പുറത്ത് യാത്രക്കാര്‍ വാഹനങ്ങളില്‍ വന്നിറങ്ങുന്നയിടത്തെ മേല്‍ക്കൂരയാണ് ഇന്ന് പൊളിഞ്ഞു വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കനത്ത മഴയില്‍ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. വെള്ളിയാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് ടെര്‍മിനല്‍ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.

മധ്യപ്രദേശിലെ ജബല്‍പൂര്‍ വിമാനത്താവളത്തിലും കനത്ത മഴയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് അപകടമുണ്ടായതും വെള്ളിയാഴ്ചയാണ്. യാത്രയ്ക്കായി എത്തിയ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്റെ കാറിനു മേലാണ് മേല്‍ക്കൂര പതിച്ചത്. ഇദ്ദേഹവും ഡ്രൈവറും കാറില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെയാണ് മേല്‍ക്കൂര തകര്‍ന്നു വീണതെന്നതിനാല്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു. ശക്തമായ മണ്‍സൂണ്‍ മഴയില്‍ ഉത്തരേന്ത്യയില്‍ നാശനഷ്ടങ്ങള്‍ അനവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര നിര്‍മിച്ചത് യുപിഎ കാലത്താണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എങ്കിലും അടുത്തിടെ നിര്‍മിച്ച ജബല്‍പൂര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നതില്‍ ആരും ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്തെ വിമാനത്താവളത്തിലും സമാന അപകടമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഒന്‍പതു ദിവസങ്ങള്‍ക്കിടെ ബിഹാറില്‍ അഞ്ചു പാലങ്ങളാണ് ഒന്നിനു പിറകെ ഒന്നായി തകര്‍ന്നു വീണത്. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു ഭരിക്കുന്ന ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഇതു സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഭൂതാഹി നദിയിലെ പാലമാണ് ഏറ്റവുമൊടുവില്‍ തകര്‍ന്നത്. ഇതേത്തുടര്‍ന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നിതീഷ് കുമാറിനെതിരെ രംഗത്തെത്തി. മൂന്നു കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലത്തിന്റെ തൂണുകളിലൊന്ന് ഒലിച്ചു പോയതായാണ് വിവരം. അരാരിയ, ഈസ്റ്റ് ചമ്പാരന്‍, സിവാന്‍ ജില്ലകളിലും കിഷന്‍ഗഞ്ചിലും പാലങ്ങള്‍ തകര്‍ന്നു. ഇതു കൂടാതെ അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ചയും ചര്‍ച്ചകളില്‍ നിറയുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in