വായുമലിനീകരണത്തിൽ കിതച്ച് രാജ്യതലസ്ഥാനം, കേരളത്തിൽ ഏറ്റവും മലിനീകരണം കൊച്ചിയിൽ

വായുമലിനീകരണത്തിൽ കിതച്ച് രാജ്യതലസ്ഥാനം, കേരളത്തിൽ ഏറ്റവും മലിനീകരണം കൊച്ചിയിൽ

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കഴിഞ്ഞ വർഷത്തെ കണക്കുകൾ അടിസ്ഥാനപ്പെടുത്തി നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (NCAP) പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഉയർന്ന അളവിൽ വായുമലിനീകരണം നേരിടുന്ന നഗരം ഡൽഹിയാണ്. പി.എം 2.5 മലിനീകരണത്തോത് 40 മൈക്രോഗ്രാമിന്‌ മുകളിൽ പോകുന്നത് ഹാനീകരമാണെന്നിരിക്കെ ഡൽഹിയിൽ അത് 77 മൈക്രോഗ്രാം ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2022ൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മാത്രമാണ് ഡൽഹിയിൽ 40 മൈക്രോഗ്രാമിന്‌ മുകളിൽ വായുമലിനീകരണത്തോത് കടക്കാതിരുന്നത്. ദേശീയ തലത്തിൽ ഡൽഹിക്കു പിന്നാലെ ഫരീദാബാദ് (ഹരിയാന) - 95.64, ഗാസിയാബാദ് (ഉത്തർപ്രദേശ്) - 91.25 എന്നീ നഗരങ്ങളാണ് പട്ടികയിൽ ഉള്ളത്. അതേസമയം അവിടെ പി.എം 10 മലിനീകരണത്തോത്, സുരക്ഷാ പരിധി ആയ 60 മൈക്രോഗ്രാം കടന്ന് 185 മൈക്രോഗ്രാമിൽ എത്തി നിൽക്കുകയാണ്.

എന്താണ് പി.എം 2.5, പി.എം 10 മലിനീകരണത്തോത്

പി.എം എന്നാൽ പർട്ടിക്കുലേറ്റ് മാറ്റർ എന്നാണ്. ലളിതമായി പറഞ്ഞാൽ, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അനേകം ഖര ദ്രാവക പദാർത്ഥങ്ങളുടെ മിശ്രിതമാണ് കണികാദ്രവ്യം, അഥവാ പർട്ടിക്കുലേറ്റ് മാറ്റർ. വായു ഗുണനിലവാര പരിശോധനകൾക്കായി ഇവയുടെ വ്യാസം അടിസ്ഥാനപ്പെടുത്തിയാണ് പർട്ടിക്കുലേറ്റ് മാറ്ററിനെ നിർവചിക്കുന്നത്. അതനുസരിച്ച് 10 മൈക്രോണോ അതിൽ താഴെയോ വ്യാസമുള്ളവയെയാണ് പി.എം10 എന്ന് സൂചിപ്പിക്കുന്നത്. നിർമ്മാണ മേഖല, കാർഷിക മേഖല, കത്തിക്കരിഞ്ഞ മാലിന്യങ്ങൾ, വ്യവസായ മേഖലയിൽ നിന്നുള്ള മാലിന്യങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പൊടിപടലങ്ങൾ പി.എം10 ഗണത്തിൽ പെടുന്നവയാണ്. ഇവ മനുഷ്യരുടെ ശ്വാസകോശത്തിൽ പ്രവേശിച്ച്, ചുമ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം തുടങ്ങി പല ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും.

അതേസമയം, വാഹനങ്ങളുടെ എക്സ്ഹോസ്റ്റുകളിൽ നിന്നും, കൽക്കരി, തടി, എണ്ണ എന്നിവ കത്തിക്കുമ്പോൾ പുറത്ത് വരുന്നതുമായ 2.5 മൈക്രോണോ അതിൽ താഴെയോ വ്യാസമുള്ള പർട്ടിക്കുലേറ്റ് മാറ്ററിനെ പിഎം 2.5 എന്ന് സൂചിപ്പിക്കുന്നു. ഇവ ശ്വാസനാളികളിൽ വളരെ എളുപ്പത്തിൽ കടന്ന് ശ്വാസ തടസം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

വായു മലിനീകരണം കേരളത്തിൽ

കേരളത്തിലെ സ്ഥിതി പരിശോധിച്ചാൽ, സംസ്ഥാനത്ത് ഏറ്റവും അധികം വായുമലിനീകരണമുള്ളത് കൊച്ചിയിലാണ്. കൊച്ചിയിലെ പി.എം 2.5 മലിനീകരണത്തോത് 59 മൈക്രോഗ്രാമാണ്. കഴിഞ്ഞ വർഷം ജൂണിൽ കൊച്ചിയിലെ ഏറ്റവും കുറഞ്ഞ തോത് ആയ 35 മൈക്രോഗ്രാം രേഖപ്പെടുത്തിയപ്പോൾ സെപ്റ്റംബറിൽ അത് കുതിച്ചുയർന്ന് 111 മൈക്രോഗ്രാമിൽ എത്തി. 34 മൈക്രോഗ്രാം വീതമുള്ള കണ്ണൂരും കൊല്ലവുമാണ് കൊച്ചിക്ക് പിന്നിൽ ഉള്ളത്.

നാഷണൽ ക്ലീൻ എയർ പ്രോഗ്രാം

പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിൽ 2019ൽ നഗര-ദേശീയ തലത്തിൽ വായു ഗുണനിലവാരം ഉറപ്പുവരുത്താൻ സ്ഥാപിച്ചതാണ് നാഷണൽ ക്ലീൻ എയർ പ്രോഗ്രാം. ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും പ്രതിവർഷം ശരാശരി അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമായിരുന്നു ഈ പദ്ധതി മുന്നോട്ടു വച്ചത്. അതിനായി രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നിന്നും 2 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 102 നഗരങ്ങളെ നോൺ-അറ്റയ്ന്മെന്റ് നഗരങ്ങളായി പരിഗണിച്ചു. 2011 മുതൽ 2015 വരെയുള്ള കാലയളവിൽ ദേശീയ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത നഗരങ്ങളെയാണ് ഈ ഗണത്തിൽ പെടുത്തിയത്. അതനുസരിച്ച് 2024 ഓടെ ഈ നഗരങ്ങളിലെ പർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 20 മുതൽ 30 ശതമാനം വരെ കുറയ്ക്കും എന്നതായിരുന്നു ലക്ഷ്യം. പക്ഷെ, 2022 ആയപ്പോഴേക്കും 132 നോൺ-അറ്റയ്ന്മെന്റ് നഗരങ്ങളിലെ പർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 40 ശതമാനം വരെ കുറയ്ക്കുമെന്ന പുതിയ ലക്ഷ്യം അവർ മുന്നോട്ട് വെച്ചു. എന്നാൽ നിലവിൽ അവർ പുറത്തു വിട്ടിരിക്കുന്ന റിപ്പോർ‍ട്ട് അനുസരിച്ച് 2021-2022 വർഷത്തിൽ 131 നഗരങ്ങളിൽ നിന്ന് 95 നഗരങ്ങളിലെ പി.എം 10 അളവിൽ കുറവ് വന്നതായി പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തു വന്ന സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ റിപ്പോർട്ട് പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ 49 നഗരങ്ങളിലെ വായു ഗുണ നിലവാരം മാത്രമാണ് മെച്ചപ്പെട്ടിട്ടുള്ളത്. വാരണാസി, ലഖ്‌നൗ, ശ്രീനഗർ, മൊറാദാബാദ് തുടങ്ങിയ നഗരങ്ങളിൽ 50 മൈക്രോഗ്രാമിന് മുകളിൽ പി.എം 10 അളവിൽ കുറവ് വന്നതായി രേഖപ്പെടുത്തുന്നു. അതേസമയം, കാലാംബ് (ഹിമാചൽ പ്രദേശ്), ബിർനിഹാത് (മേഘാലയ), വസായ് വിഹാർ (മഹാരാഷ്ട്ര) മുതലായ നഗരങ്ങളിൽ വായു ഗുണ നിലവാരം മോശമാവുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതിനൊപ്പം എടുത്ത് കാണിക്കേണ്ട ഒന്നാണ് NCAPക്ക് വേണ്ടി ചിലവാക്കിയ ഫണ്ടിൻറെ കണക്കുകൾ. 2022 ഡിസംബർ 12ന് പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന മന്ത്രി അശ്വിനി കുമാർ ചൗബേ ലോക്സഭയിൽ സമർപ്പിച്ച കണക്ക് അനുസരിച്ച്, NCAPക്ക് കീഴിൽ 2019-20 മുതൽ 2020-22 വരെ കാലയളവിൽ 474.19 കോടി രൂപ, വായു ഗുണ നിലവാരം ഉയർത്തുന്നതിനായി നോൺ അറ്റയ്ന്മെന്റ് നഗരങ്ങൾക്ക് നൽകിയിട്ടുണ്ട്. 596.6 കോടി രൂപ 2022-23 വർഷത്തിലേക്കായി നീക്കി വെച്ചതായും, അധികമായി 1,951.25 കോടി രൂപ 2023-2024 മുതൽ 2025-26 വരെയുള്ള കാലയളവിലേക്ക് അനുവദിച്ചതായും മന്ത്രി മറുപടിയിൽ പറയുന്നുണ്ട്. പി.എം 2.5 ന്റെ നിരീക്ഷണത്തിനുള്ള അപര്യാപ്തത മൂലം പി.എം 10നെ ആണ് ഫണ്ട് വിതരണത്തിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മാനദണ്ഡമാക്കി എടുക്കുന്നത്. ഇതുമൂലം വായുമലിനീകരണം തടയുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളുടെ ശ്രദ്ധ പൊടിപടല നിയന്ത്രണത്തിൽ മാത്രമായി ഒതുങ്ങുന്നു.

സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ റിപ്പോർട്ട് പറയുന്നതനുസരിച്ച്, 2024ഓടെ 1500 നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന NCAPയുടെ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ പുതിയതായി 300 മാനുവൽ എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ സ്ഥാപിക്കണം. എന്നാൽ കഴിഞ്ഞ നാല് വർഷം കൊണ്ട് കേവലം 180 സ്റ്റേഷനുകൾ മാത്രം സ്ഥാപിച്ച ഒരു രാജ്യത്ത് ഈ കണക്ക് എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in