എയര്‍ ഇന്ത്യ ഇനി ടാറ്റയിലേക്ക്, കൈമാറ്റം 18,000 കോടിക്ക്

എയര്‍ ഇന്ത്യ ഇനി ടാറ്റയിലേക്ക്, കൈമാറ്റം 18,000 കോടിക്ക്

68 വര്‍ഷങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യ ടാറ്റക്ക് സ്വന്തമാകുന്നു. 18,000 കോടി രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൈമാറ്റം നടത്തുന്നത്. ഈ വര്‍ഷം ഡിസംബറോടെ കൈമാറ്റ നടപടികള്‍ അവസാനിക്കും. നഷ്ടത്തിലായ എയര്‍ ഇന്ത്യ വിറ്റൊഴിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ലേലത്തില്‍ ടാറ്റ സണ്ണസ് ഉയര്‍ന്ന തുക ക്വോട്ട് ചെയ്തതോടെയാണ് കമ്പനി വീണ്ടും ടാറ്റയിലേക്ക് തിരിച്ചെത്തിയത്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ എയര്‍പ്പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് 2,700 കോടിയാണ് കൈമാറ്റത്തില്‍ നിന്ന് ലഭിക്കുന്ന തുക. ബാക്കി തുക സര്‍ക്കാരിന്റെ കടമാണ്. അത് എയര്‍ ഇന്ത്യ ഏറ്റെടുക്കും.

15,300 കോടി രൂപയുടെ കടമാണ് ടാറ്റ ഏറ്റെടുക്കുന്നത്. ബാക്കി 46,262 കോടി രൂപ സര്‍ക്കാര്‍ രൂപീകരിച്ച എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിനാണ് കൈമാറുക. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടിക്ക് മുകളിലാണ്.

ജഹാംഗീര്‍ രത്തന്‍ജി ദാദാബോയ് ടാറ്റയാണ് ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ സ്ഥാപകന്‍. ഇന്ത്യയിലെ പ്രശസ്ത വ്യവസായ കുടുംബത്തിലെ അംഗമായിരുന്നിട്ടും വിമാന കമ്പനി തുടങ്ങുന്നതിന് ജെആര്‍ഡി ടാറ്റക്ക് പിന്തുണ ലഭിച്ചിരുന്നില്ല. ടാറ്റാ സണ്‍സിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന ദൊറാബ് ടാറ്റ വിമാന കമ്പനി തുടങ്ങുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെ ജെആര്‍ഡി ടാറ്റ മുന്നോട്ട് പോവുകയായിരുന്നു.

ടാറ്റ എയര്‍സര്‍വീസിന്റെ ആദ്യ വര്‍ഷത്തിലെ ലാഭം 60,000 രൂപയായിരുന്നു. പിന്നീട് ടാറ്റ എയര്‍സര്‍വീസ് ടാറ്റ എയര്‍ലൈന്‍സ് എന്ന് പേരുമാറ്റി. 1940കളില്‍ ടാറ്റ എയര്‍ലൈന്‍സ് വ്യോമയാന മേഖലയിലെക്കും അരങ്ങേറി. തുടര്‍ന്ന് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1946 ജൂലായ് 29നാണ് ടാറ്റാ എയര്‍ലൈന്‍സ് പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. അങ്ങനെയാണ് കമ്പനി എയര്‍ ഇന്ത്യ എന്ന പേരിലേക്ക് മാറിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റയിലേക്ക് തിരിച്ചെത്തുമ്പോള്‍ കുടുംബത്തിന്റെ സന്തോഷം രത്തന്‍ ടാറ്റ ട്വിറ്ററിലൂടെ പങ്കുവെച്ചു. വീട്ടിലേക്ക് മടങ്ങി വരുന്ന എയര്‍ ഇന്ത്യക്ക് സ്വാഗതം പറഞ്ഞുകൊണ്ടാണ് രത്തന്‍ ടാറ്റയുടെ ട്വീറ്റ്.

എയര്‍ ഇന്ത്യ വീണ്ടും ടാറ്റയിലേക്ക് തിരിച്ചെത്തുന്ന എന്നത് സന്തോഷമുള്ള വാര്‍ത്തയാണെന്നും ടാറ്റ് കുറിച്ചു. എയര്‍ ഇന്ത്യ പുനസ്ഥാപിക്കുന്നതില്‍ സമയമെടുക്കുമെങ്കിലും വ്യോമയാന വ്യവസായത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ ഇത് സഹായകമാവും. അതോടൊപ്പം തന്നെ വ്യവസായങ്ങളെ സ്വകാര്യ മേഖലയിലേക്ക് കൈമാറ്റം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിന് നന്ദി അറിയിക്കുന്നുവെന്നും രത്തന്‍ ടാറ്റ് ട്വീറ്റില്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in