'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യാന്‍ തയ്യാര്‍'; വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യാന്‍ തയ്യാര്‍'; വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുന്നതിനിടെ അഗ്നിവീറുകള്‍ക്ക് ജോലി വാഗ്ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് ജോലി നല്‍കാന്‍ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു. അഗ്നിപഥ് പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ദുഃഖമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

'അഗ്നിപഥ് പ്രതിഷേധങ്ങളിലെ അക്രമങ്ങളില്‍ ദുഖമുണ്ട്. അഗ്നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് കഴിഞ്ഞ വര്‍ഷം പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. പദ്ധതിക്ക് കീഴില്‍ പരിശീലനം സിദ്ധിച്ച കഴിവുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള അവസരത്തെ മഹീന്ദ്ര ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു.' ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

ഏതൊക്കെ സ്ഥാനങ്ങളിലാണ് അഗ്നിവീറുകളെ മഹീന്ദ്ര നിയമിക്കുകയെന്ന് ഇതിനു മറുപടിയായി ഒരാള്‍ ചോദിച്ചപ്പോള്‍ ആനന്ദിന്റെ പ്രതികരണം ഇങ്ങനെ: 'കോര്‍പ്പറേറ്റ് മേഖലയില്‍ അഗ്നിവീറുകള്‍ക്ക് വലിയ തൊഴിലവസരങ്ങള്‍ ഉണ്ട്. നേതൃത്വം, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നിവ ഉപയോഗിച്ച് വ്യവസായത്തിന് അനുയോജ്യമായ പ്രൊഫഷണല്‍ വര്‍ക്കുകള്‍ അഗ്നിവീറുകള്‍ക്ക് നല്‍കാന്‍ കഴിയും. ഓപ്പറേഷന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി ചെയിന്‍ മാനേജ്‌മെന്റ് സപ്ലൈ വരെയുള്ള കാര്യങ്ങളില്‍ അവരെ ഉപയോഗിക്കാം.'

അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ബിഹാറിലാണ് പ്രതിഷേധം ഏറ്റവും രൂക്ഷം. 20 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനത്തിന് വിലക്കേര്‍പ്പെടുത്തി. 350 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും പിന്തുണ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in