'ഇതിന് ശേഷം സ്ത്രീകള്‍ സുരക്ഷിതരായിരിക്കും', താലിബാനെ പിന്തുണച്ച് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രകടനം

'ഇതിന് ശേഷം സ്ത്രീകള്‍ സുരക്ഷിതരായിരിക്കും', താലിബാനെ പിന്തുണച്ച് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രകടനം

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാരിനെ പിന്തുണച്ച് സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും മുഴുവനായും മൂടുന്ന വസ്ത്രം ധരിച്ച് മുന്നൂറോളം സ്ത്രീകളാണ് കാബൂര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രഭാഷണതിയറ്ററില്‍ ഒത്തുകൂടിയത്. താലിബാന്‍ നയങ്ങളെ പിന്തുണക്കുന്നതായും, ഇതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കുമെന്നുമാണ് ഒത്തുകൂടിയ സ്ത്രീകള്‍ അവകാശപ്പെട്ടത്. കറുത്ത കയ്യുറകള്‍ ഉള്‍പ്പടെ ധരിച്ച പലരും താലിബാന്‍ പതാകയുമായായിരുന്നു എത്തിയത്.

സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ എന്ന് അവകാശപ്പെടുന്നവരാണ് പ്രകടനം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്‍ നയങ്ങളില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ സ്ത്രീകളെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.

'ഞങ്ങള്‍, സ്ത്രീകളുടെ പ്രതിനിധികളാണെന്ന് പറഞ്ഞ് തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരാണ്. കഴിഞ്ഞ സര്‍ക്കാരിനെ ഇഷ്ടപ്പെടുന്നതാണോ സ്വാതന്ത്ര്യം? അത് സ്വാതന്ത്ര്യമല്ല, അവര്‍ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു. സൗന്ദര്യം കണ്ടാണ് അവര്‍ സ്ത്രീകളെ തെരഞ്ഞെടുത്തത്', പ്രകടനം നടത്തിയ സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു.

സ്ത്രീകള്‍ മുഖം മൂടണമെന്ന താലിബാന്റെ നയത്തെ പിന്തുണക്കുന്നതായും ഇവര്‍ പറയുന്നുണ്ട്. ഇതിന് ശേഷം സ്ത്രീകള്‍ സുരക്ഷിതരായിരിക്കും, സര്‍ക്കാരിന്റെ നയങ്ങളില്‍ തങ്ങള്‍ പൂര്‍ണതൃപ്തരാണ്, തങ്ങളുടെ സര്‍ക്കാരിനെ എല്ലാ ശക്തിയും ഉപയോഗിച്ച് പിന്തുണക്കുന്നതായും അവര്‍ പറഞ്ഞു.

പ്രഭാഷണതിയറ്ററിലെ പരിപാടിക്ക് ശേഷം റോഡിലൂടെ ഇവര്‍ പ്രകടനവും നടത്തി. താലിബാന്‍ അനുകൂല ബാനറുകളുമായായിരുന്നു പ്രകടനം. തോക്കുകളുമായി റാലിയെ അനുഗമിക്കുന്ന താലിബാന്‍ സൈനികരുടെ അടക്കം ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

താലിബാന്‍ അനുകൂല പ്രകടനം സംഘടിപ്പിച്ചത് സ്ത്രീകളാണെന്നും, ഇതിന് അവര്‍ അനുമതി ചോദിച്ചിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in