തെരുവിലിറങ്ങി അഫ്ഗാന്‍ സ്ത്രീകള്‍, 'വിദ്യാഭ്യാസവും ജോലിയും ഞങ്ങളുടെ അവകാശം'

തെരുവിലിറങ്ങി അഫ്ഗാന്‍ സ്ത്രീകള്‍, 'വിദ്യാഭ്യാസവും ജോലിയും ഞങ്ങളുടെ അവകാശം'

താലിബാന്‍ അഫ്ഗാനില്‍ രൂപീകരിക്കാനൊരുങ്ങുന്ന പുതിയ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍. ജോലി ചെയ്യാനുള്ള അവകാശം ഉയര്‍ത്തിക്കാട്ടി 50 അഫ്ഗാന്‍ സ്ത്രീകളാണ് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. പുതിയ സര്‍ക്കാരില്‍ സ്ത്രീ പ്രാതിനിധ്യം വേണമെന്നും സ്ത്രീകള്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്‍മാറിയതോടെ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് താലിബാന്‍ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവിലിറങ്ങിയത്.

സുരക്ഷിതതവും ജോലിചെയ്യാനുള്ള സ്വാതന്ത്ര്യവും പഠിക്കാനുള്ള സ്വാതന്ത്ര്യവും തങ്ങളുടെ അവകാശമാണെന്നും പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ബാസിറ തഹേരിയെന്ന യുവതി ന്യൂസ് ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

'താലിബാന്‍ ഞങ്ങള്‍ സ്ത്രീകളെ കൂടി പരിഗണിക്കണം. അവരുടെ യോഗങ്ങളിലും കൂടിച്ചേരലുകളിലും ഒരു സ്ത്രീയെപോലും ഞങ്ങള്‍ കാണുന്നില്ല. പഠിക്കുക, ജോലിയും സുരക്ഷിതത്വവും ലഭിക്കുക എന്നിവയെല്ലാം ഞങ്ങളുടെ അവകാശമാണ്,' ബാസിറ പറഞ്ഞു.

തങ്ങള്‍ക്ക് ഭയമില്ലെന്നും ഒറ്റക്കെട്ടായാണ് ഇത് ആവശ്യപ്പെടുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

എന്നാല്‍ സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുമെങ്കിലും അവരെ ക്യാബിനറ്റിലോ മറ്റേതെങ്കിലും ഉയര്‍ന്ന പദവിയിലോ ഉള്‍പ്പെടുത്തില്ലെന്നാണ് ആദ്യ താലിബാന്‍ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്തനിക്‌സായി ബി.ബി.സിയോട് പറഞ്ഞത്.

നേരത്തെ കാബൂളിലെ വാസിര്‍ ഖാന്‍ മേഖലയിലും പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. നിയമ നിര്‍മാണത്തിലും രാഷ്ട്രീയത്തിലും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും തുല്യമായ അവകാശങ്ങള്‍ വേണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in