പരസ്യം കണ്ട് വിളിച്ചത് മൂന്ന് പേര്‍; കടം വീട്ടാന്‍ ആളെ തിരിച്ചറിയാതെ നാസര്‍

പരസ്യം കണ്ട് വിളിച്ചത് മൂന്ന് പേര്‍; കടം വീട്ടാന്‍ ആളെ തിരിച്ചറിയാതെ നാസര്‍

മൂന്ന് പതിറ്റാണ്ട് മുന്‍പ് പിതാവ് കടം വാങ്ങിയ തുക തിരികെ നല്‍കാനുണ്ടെന്ന പത്ര പരസ്യം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. കടം കൊടുത്തയാളെ കണ്ടെത്താനായി കൊടുത്ത വാര്‍ത്ത കണ്ട് മൂന്നുപേര്‍ ബന്ധപ്പെട്ടെന്ന് തിരുവനന്തപുരം ചിറയങ്കീഴ് സ്വദേശി നാസര്‍ പറഞ്ഞു.

എന്റെ പിതാവ് അബ്ദുള്ള 30 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ പക്കല്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ദയില്‍പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക.

നാസര്‍ നല്‍കിയ പരസ്യം

നാസറിന്റെ പിതാവ് അബ്ദുള്ളക്ക് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമ്പത്തിക ബുദ്ദിമുട്ടുണ്ടായപ്പോള്‍ ഗള്‍ഫില്‍ വെച്ച് പണം കൊടുത്ത് സഹായിച്ചതാണ് സുഹൃത്ത് ലൂസിസ്.

മരണപ്പെടുന്നതിന് മുന്‍പായി അബ്ദുള്ള ഈ കാര്യം മകന്‍ നാസറിനോട് പറഞ്ഞിരുന്നു. എന്നാല്‍ ലൂസിസിനെ പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും നാസറിന് അറിയില്ലായിരുന്നു. വാപ്പയുടെ സുഹൃത്തിനെ കണ്ടെത്താന്‍ പല വഴിക്ക് ശ്രമിച്ച ശേഷമാണ് പത്ര പരസ്യം കൊടുക്കാന്‍ നാസര്‍ തീരുമാനിച്ചത്.

പത്ര പരസ്യം കണ്ടതിന് പിന്നാലെ ലൂസിസിന്റെ മകനാണെന്ന അവകാശം ഉന്നയിച്ച് മൂന്ന് പേരാണ് നാസറിനെ വിളിച്ചത്. യഥാര്‍ത്ഥ മകനെ എങ്ങനെ തിരിച്ചറിയും എന്ന പ്രയാസത്തിലാണ് നാസര്‍ ഇപ്പോള്‍. വിളിച്ച മൂന്നുപേരില്‍ ഒരാള്‍ ഫോട്ടോ അയച്ചിട്ടുണ്ട്.

ബാക്കി രണ്ടുപേരുടെ കൂടി ഫോട്ടോ വന്ന ശേഷം യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തി നേരില്‍ പോയി കാണാനാണ് തീരുമാനമെന്ന് നാസര്‍ ദ ക്യുവിനോട് പറഞ്ഞു. പിതാവിന്റെ സുഹൃത്തുക്കളോട് ആരോടെങ്കിലും അന്വേഷച്ച് യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും നാസര്‍ പറയുന്നു.

മുന്‍പ് ഗള്‍ഫിലായിരുന്ന നാസര്‍ ഇപ്പോള്‍ നാട്ടില്‍ ഹാര്‍ബര്‍ തൊഴിലാളിയാണ്. മരണ സമയത്ത് പിതാവ് ആവശ്യപ്പെട്ട പ്രകാരം ലൂസിസിനെയോ അദ്ദേഹത്തിന്റെ അവകാശികളെയോ കണ്ടെത്തി പണം തിരികെ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസര്‍.

Related Stories

No stories found.
logo
The Cue
www.thecue.in