അതിജീവിതയെ കോടതി ശാസിച്ചിട്ടില്ല, വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; അഡ്വ. ടി ബി മിനി ദ ക്യുവിനോട്

അതിജീവിതയെ കോടതി ശാസിച്ചിട്ടില്ല, വാര്‍ത്തകള്‍ അടിസ്ഥാന രഹിതം; അഡ്വ. ടി ബി മിനി ദ ക്യുവിനോട്

ദിലീപ് പ്രതിയായ ലൈംഗികാതിക്രമണ കേസില്‍ അതിജീവിതയെ കോടതി ശാസിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അഭിഭാഷക ടി ബി മിനി. കോടതിയ്ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഹൈക്കോടതി ജഡ്ജ് പറഞ്ഞതെന്നും ടി.ബി മിനി ദ ക്യുവിനോട് പറഞ്ഞു. 'കോടതിയ്ക്കെതിരെ നിങ്ങള്‍ ഉന്നയിക്കുന്ന ആരോപണം ഗൗരവമുള്ളതാണ്' എന്നാണ് കോടതി പറഞ്ഞത്. അത് ഒരു വിമര്‍ശനമോ താക്കീതോ ഒന്നും അല്ലെന്നും ടി.ബി. മിനി.

എന്നാല്‍ അതൊന്നും വാര്‍ത്തകളില്‍ വന്നില്ല. അതിജീവിതയ്ക്ക് ശാസന എന്നാണ് വാര്‍ത്തകള്‍ വന്നത് . അതാണല്ലോ കൂടുതല്‍ ആളുകള്‍ കാണുക. അതിജീവിതയുടെ കയ്യില്‍ നിന്ന് പിഴ ഈടാക്കും. ഇനി കേസ് പിന്‍വലിച്ചാലും അതിജീവിതയ്ക്കെതിരെ കേസെടുക്കും എന്നൊക്കെ തെറ്റായ, കോടതി പറയാത്ത പരാമര്‍ശങ്ങള്‍ വരെ എഴുതിപിടിപ്പിക്കുകയാണ് ചെയ്തതെന്നും ടി.ബി മിനി പറഞ്ഞു.

'അതിജീവിതയ്ക്ക് ശാസന' എന്ന പേരില്‍ വാര്‍ത്ത വന്നപ്പോള്‍ അതിജീവിതയ്ക്ക് ഉണ്ടാക്കിയിട്ടുള്ള മാനസികമായ ട്രോമ വളരെ വലുതാണെന്നും ടി.ബി മിനി കൂട്ടിച്ചേര്‍ത്തു.

അഡ്വ. ടി.ബി മിനി ദ ക്യുവിനോട് പറഞ്ഞത്

അതിജീവിതയെ ഇത്തരം പ്രതികരണങ്ങള്‍ മാനസികമായി തളര്‍ത്തും. ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സമൂഹത്തിലെ മെന്റല്‍ ട്രോമയും സമൂഹത്തിലെ അപമാനവും അവര്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ കോടതികള്‍ മുഖവിലക്ക് എടുക്കേണ്ടതുണ്ട്. എല്ലാ ദിവസവും കേസെടുക്കുമ്പോള്‍ നിങ്ങള്‍ കോടതിയ്ക്കെതിരായ ആരോപണം ഉന്നയിക്കുന്നത് സീരിയസ് ആണ് എന്ന് കോടതി പറയുന്നത് തെറ്റായതും കോടതികളോട് ബഹുജനങ്ങള്‍ക്ക് അകല്‍ചയുണ്ടാക്കുകയും ചെയ്യുന്നു. ഹൈ കോടതിയിലല്ലാതെ കീഴ് കോടതികളുടെ നിയമപരമല്ലാത്ത തെറ്റുകള്‍ എവിടെ പറയും എന്നതും കേസ് കേള്‍ക്കുന്നതിനു മുന്‍പ് പരാമര്‍ശങ്ങള്‍ നടത്തുന്നതും കോടതിക്കു തന്നെ ക്ഷീണമാകുന്നുണ്ട്.

പക്ഷെ ഇവിടെ കോടതി വളരെ കാഷ്വല്‍ ആയി പറഞ്ഞ കാര്യമായാണ് ഞാന്‍ ഇതിനെ കണ്ടിട്ടുള്ളത്. 'കോടതിയ്ക്കെതിരെ നിങ്ങള്‍ ഉന്നയിക്കുന്ന ആരോപണം ഗൗരവമുള്ളതാണ് എന്നാണ് കോടതി' പറഞ്ഞത്. അതില്‍ പ്രോസിക്യൂഷന്‍ മറുപടി പറഞ്ഞത്; സുപ്രീം കോടതി നിര്‍ദേശത്തെ മറികടന്ന് ആരോ വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ട് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടു എന്നതാണ്. നാട്ടിലാകെ പ്രചരിച്ചിട്ടുള്ളൊരു വിഷയമാണ്. അത് എത്രമാത്രം അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്നു എന്നത് കോടതി ഗൗരവത്തോടെ കാണുകയും കേള്‍ക്കുകയുമാണ്.

എനിക്ക് ഇതില്‍ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയും എന്നും ഞാന്‍ കോടതിയില്‍ പറഞ്ഞതാണ്. അപ്പോള്‍ കോടതി പറഞ്ഞു; ശരി ഒരു വിശദമായ ഹിയറിംഗ് നടത്താം എന്ന്. അത് അവിടെ തീര്‍ന്നു. അത് ഒരു വിമര്‍ശനമോ താക്കീതോ ഒന്നും അല്ല. പക്ഷെ അതൊന്നും തന്നെ വാര്‍ത്തകളില്‍ വരുന്നില്ല. വാര്‍ത്തകളില്‍ എന്തായിരുന്നു വിഷയം, അതിജീവിതയ്ക്ക് ശാസന. അതാണല്ലോ കൂടുതല്‍ ആളുകള്‍ കാണുക. അതിജീവിതയുടെ കയ്യില്‍ നിന്ന് പിഴ ഈടാക്കും. ഇനി കേസ് പിന്‍വലിച്ചാലും അതിജീവിതയ്ക്കെതിരെ കേസെടുക്കും എന്നൊക്കെ പറഞ്ഞ് തെറ്റായ, കോടതി പറയാത്ത പരാമര്‍ശങ്ങള്‍ വരെ എഴുതിപിടിപ്പിക്കുകയാണ് ചെയ്തത്.

'അതിജീവിതയ്ക്ക് ശാസന' എന്ന പേരില്‍ വാര്‍ത്ത വന്നപ്പോള്‍ അതിജീവിതയ്ക്ക് ഉണ്ടാക്കിയിട്ടുള്ള മാനസികമായ ട്രോമ വളരെ വലുതാണ്. അവര്‍ക്ക് പോകാന്‍ ഇനി കോടതി പോലുമില്ല എന്ന അര്‍ത്ഥത്തിലേക്കാണ് അത് വരുന്നത്. ഓരോ ദിവസവും അതിജീവിതയുടെ കേസ് എടുക്കുമ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്ന് കാഷ്വല്‍ ആയിട്ടോ തമാശ ആയിട്ടോ വരുന്ന വാചകങ്ങളെ പ്രതിഭാഗത്തുള്ളവര്‍ വലിയ രീതിയില്‍ ആഘോഷ പൂര്‍വ്വം കൈകാര്യം ചെയ്യുന്നു. അതില്‍ അതിജീവിതയായിട്ടുള്ള പെണ്‍കുട്ടിക്കുണ്ടാകുന്ന മാനസിക ആഘാതം തിരിച്ചറിയാനായി കോടതികളിലെ ജഡ്ജിമാര്‍ക്ക് കഴിയുമ്പോഴാണ് നീതി ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത്.

ട്രയല്‍ കോടതിയ്ക്കെതിരെ ഹൈക്കോടതിയിലാണ് പറയുന്നത്. അവിടെയല്ലാതെ അവര്‍ എവിടെയാണ് പോവുക? ഇത്തരം വിഷയങ്ങളുടെ സോഷ്യല്‍ ആസ്പെക്ട് കോടതികള്‍ പരിഗണിക്കണം. കോടതികള്‍ക്ക് ഒരിക്കലും തെറ്റ് വരില്ല എന്നൊന്നും ജുഡീഷ്യല്‍ സിസ്റ്റത്തില്‍ ഇല്ല. താഴെ കോടതി തെറ്റ് വരുത്തിയാല്‍ അത് തിരുത്തുന്നതിനാണ് ഹൈക്കോടതികളും അതിന് മുകളിലുള്ള കോടതികളും ഉള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in