'ജാതി വില്‍പ്പനയ്ക്ക് നല്ല സാധ്യതയുള്ള സംഗതി'; കെ.ആര്‍ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് അടൂർ രാജിവച്ചു

'ജാതി വില്‍പ്പനയ്ക്ക് നല്ല സാധ്യതയുള്ള സംഗതി'; കെ.ആര്‍ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് അടൂർ രാജിവച്ചു

കെ.ആര്‍ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ജാതി വിവേചന ആരോപണം നേരിട്ടതിനെ തുടർന്ന് രാജിവെച്ച ഡയറക്ടർ ശങ്കര്‍ മോഹനെ പിന്തുണച്ചായിരുന്നു അടൂരിന്റെ രാജി. ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതിനായി അഹോരാത്രം പ്രവര്‍ത്തിച്ച ആളാണ് ശങ്കര്‍ മോഹന്‍. ശങ്കർ മോഹനോളം ചലച്ചിത്ര സംബന്ധമായ അറിവോപരിചയമോ ഉള്ള മറ്റൊരാൾ ഇന്ത്യയിലില്ല.

അത്തരമൊരാളെയാണ് അപമാനിച്ച് ഇറക്കിവിട്ടതെന്ന് അടൂർ ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ശങ്കർ മോഹനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങൾ ഒരു ഭാഗം മാത്രം കേട്ടു. സമരസൂത്രണത്തിൽ ഗേറ്റ് കാവൽക്കാരനും പങ്കെണ്ടെന്നും അടൂര്‍ ആരോപിച്ചു. സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്നത് അന്വേഷിക്കണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അടൂർ പറഞ്ഞത്

നാശത്തിന്റെ വക്കിലെത്തി നിന്നിരുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ച സിനിമാ പരിശീലനകേന്ദ്രമാക്കുന്നതിനും വേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ച മൂന്ന് കൊല്ലമാണ് പിന്നിടുന്നത്. ഈ വിഷയത്തില്‍ എന്നോടൊപ്പം അഹോരാത്രം പണിയെടുത്ത ഒരു വ്യക്തിയായിരുന്നു ശ്രീ ശങ്കര്‍ മോഹന്‍. ശങ്കര്‍ മോഹനോളം ചലച്ചിത്രസംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല. അത്തരത്തിലുള്ള ഒരു മലയാളി പ്രൊഫഷണലിനെയാണ് നമ്മള്‍ ക്ഷണിച്ചുവരുത്തി, അടിസ്ഥാനരഹിതമായ ദുരാരോപണങ്ങലും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും ചാര്‍ത്തി അപമാനിച്ച് പടികടത്തിവിടുന്നത്.

ജാതി വില്‍പ്പനയ്ക്ക് നല്ല സാധ്യതയുള്ള സംഗതിയാണ്. ദളിത് ശുചീകരണജോലിക്കാരെ നിര്‍ബന്ധിച്ച് അടിമപ്പണി ചെയ്യിച്ചിരുന്നു എന്നത് എന്റെ അന്വേഷണത്തില്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ജോലിക്കാരില്‍ ആരും തന്നെ പട്ടികജാതിയില്‍ പെടുന്നവരല്ല, നായരും ക്രിസ്ത്യാനിയും ആശാരിയുമെല്ലാമാണവര്‍, അവരെക്കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണകമ്മിറ്റി അന്വേഷണം നടത്തി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പറയപ്പെടുന്നു, എന്നാല്‍ ശങ്കര്‍ മോഹനെയോ എന്നെയോ ഈ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല, ആരോടാണ് അവര്‍ അന്വേഷണം നടത്തിയതെനന് ഒരു ചോദ്യമായി ചോദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in