'എല്ലാവരെയും വീണ്ടും കാണാം, നന്ദി'; വിട പറഞ്ഞ് സുബി സുരേഷ്, വിശ്വസിക്കാനാകാതെ പ്രേക്ഷകർ

'എല്ലാവരെയും വീണ്ടും കാണാം, നന്ദി'; വിട പറഞ്ഞ് സുബി സുരേഷ്, വിശ്വസിക്കാനാകാതെ പ്രേക്ഷകർ

നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർ‌ന്ന് കരൾ‌ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അന്ത്യം.

അപ്രതീക്ഷിത വിയോ​ഗത്തിന് പിന്നാലെ പ്രേക്ഷകരെ വേദനിപ്പിക്കുന്ന ഒരു കുറിപ്പും സുബിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്,

ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം... നന്ദി' എന്നാണ് സുബിയുടെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സുബിയുടെ പേജ് കൈകാര്യം ചെയ്യുന്ന അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് സുബിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തീർത്തും വിശ്വസിക്കാൻ കഴിയാത്ത മരണ വാർത്തയാണിതെന്ന് ജയറാം പറഞ്ഞു. സുബിയുടെ കൂടെ സ്റ്റേജ് പ്രോഗ്രാമിന് പോയതെല്ലാം ഓർക്കുന്നു. സ്റ്റേജിൽ സുബിയുടെ അപ്പുറത്തേക്ക് ഒരാളില്ല. സുബിയുടെ രോഗാവസ്ഥയെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു.

മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പ്രോ​ഗ്രാമുകളിലൂടെയും ശ്രദ്ധേയമായ സുബി സുരേഷ് വർഷങ്ങളായി മലയാളപ്രേക്ഷകരുടെ സുപചിരിതയാണ്. ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്ത്രീകൾ അധികമില്ലാതിരുന്ന മിമിക്രി മേഖലയിൽ സ്വന്തമായി സ്ഥാനം നേടിയെടുത്തയാളാണ് സുബി സുരേഷ്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ കാലഘട്ടത്തിൽ തന്നെ ഡാൻസ് പ്രോ​ഗ്രാമിലൂടെ ശ്രദ്ധേയയായി. പിന്നീട് കൊച്ചിൻ കലാഭവനിൽ ചേർന്നു. സിനിമാല എന്ന ഏഷ്യാനെറ്റിലെ കോമഡി പ്രോ​ഗ്രാമിലൂടെ ശ്രദ്ധേയമായി. പിന്നീട് കുട്ടിപ്പട്ടാളം എന്ന പ്രോ​ഗ്രാം അവതാരകയായും ശ്രദ്ധിക്കപ്പെട്ടു.

കനക സിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in