അമ്മയിലെ രണ്ട് എം.എല്‍.എമാരും ഉറങ്ങുകയാണോ? വിജയ് ബാബുവിനെ നിര്‍ത്തി ഷമ്മി തിലകനെ പുറത്താക്കുന്നത് നിന്ദ്യം: രഞ്ജിനി

അമ്മയിലെ രണ്ട് എം.എല്‍.എമാരും ഉറങ്ങുകയാണോ? വിജയ് ബാബുവിനെ നിര്‍ത്തി ഷമ്മി തിലകനെ പുറത്താക്കുന്നത് നിന്ദ്യം: രഞ്ജിനി

താര സംഘടനയായ അമ്മയില്‍ നടന്‍ ഷമ്മി തിലകനെതിരെ നടപടിയെടുത്തതില്‍ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി. ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബു അമ്മയില്‍ തുടരവേ ഷമ്മി തിലകനെയും തിലകനെയും പോലുള്ളവരെ പുറത്താക്കുന്നത് വളരെ നിന്ദ്യമായ പ്രവൃത്തിയാണ്. ഇത് തികഞ്ഞ മാഫിസമാണെന്നും രഞ്ജിനി പറഞ്ഞു.

താരങ്ങളും എം.എല്‍.എമാരുമായ രണ്ട് പേര്‍ അമ്മയില്‍ ഉണ്ടായിട്ടും ഇവര്‍ ഉറങ്ങുകയാണോ എന്നും രഞ്ജിനി ചോദിച്ചു. ഈ ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിലകൊള്ളാനായില്ലെങ്കില്‍ നിങ്ങളുടെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും രഞ്ജിനി ചോദിച്ചു. അഭിനേതാക്കളുടെ ഈ സംഘം ഈയിടെ പരിഹാസപാത്രങ്ങളായി മാറിയെന്നും രഞ്ജിനി വിമര്‍ശിച്ചു.

'ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെ അമ്മയില്‍ തുടരാനനുവദിച്ച് നിഷ്‌കളങ്കരായ തിലകന്‍ അങ്കിളിനെയും ഷമ്മി തിലകനെയും പുറത്താക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഈ അഭിനേതാക്കളുടെ സംഘം അടുത്തിടെയായി വെറും തമാശമായി മാറിയിരിക്കന്നു. വെറും മാഫിസം. രണ്ട് എം.എല്‍.എമാരും അവിടെ ഉറങ്ങുകയാണോ? ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ മണ്ഡലത്തിലെ ആളുകള്‍ക്ക് വേണ്ടി നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്?,' രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിജയ് ബാബു പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വിജയ് ബാബു പങ്കെടുത്തതിനെ ന്യായീകിരിച്ചാണ് രംഗത്തെത്തിയത്.

കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വിജയ് ബാബു ഇന്ന് സംഘടനയുടെ പരിപാടിക്കെത്തിയത്. പരാതിക്കാരിയുടെ പേര് ലൈവില്‍ വന്ന് പറഞ്ഞതിലും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസ് കോടതിയുടെ പരിഗണനയിലല്ലേ, കോടതി തീരുമാനിക്കട്ടെ എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ പറഞ്ഞത്.

അതേസമയം പ്രതിയായ വിജയ് ബാബുവിനെ യോഗത്തില്‍ പങ്കെടുപ്പിച്ചെങ്കിലും നടന്‍ ഷമ്മി തിലകനെ ക്ഷണിച്ചില്ല. സമൂഹ മാധ്യമങ്ങളില്‍ സംഘടനയെ മോശമാക്കി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് ഷമ്മി തിലകനെ യോഗത്തില്‍ ക്ഷണിക്കാതിരുന്നത്.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in