നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയെന്ന് പള്‍സര്‍ സുനി പറഞ്ഞതായി അമ്മ; കത്ത് പുറത്ത്

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയെന്ന് പള്‍സര്‍ സുനി പറഞ്ഞതായി അമ്മ; കത്ത് പുറത്ത്

നടിയെ ആക്രമിച്ച കേസില്‍ പ്രധാന വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ. നടിയെ ആക്രമിച്ചത് നടന്‍ ദിലീപിന് വേണ്ടിയായിരുന്നുവെന്നാണ് കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.

കേസില്‍ 2015 മുതല്‍ ഗൂഢാലോചന നടന്നു. ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളിയായി. കൃത്യം നടത്താന്‍ കോടിക്കണക്കിന് രൂപ ദിലീപ് വാഗ്ദാനം ചെയ്‌തെന്നും പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടി.വിയോട് വെളിപ്പെടുത്തി.

കേസില്‍ തന്നെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു.

സുനിയെ ജയിലില്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഒളിവില്‍ കഴിയുമ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയാണെന്ന പള്‍സര്‍ സുനിയുടെ അമ്മയുടെ പ്രതികരണം.

അതിനിടെ നടിയെ ആക്രമിച്ച സംഭവത്തില്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ദിലീപിനെഴുതി കത്ത് പുറത്തുവന്നിരുന്നു. 2018ലാണ് കത്തെഴുതുന്നത്.

പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു കത്ത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മയോട് ആവശ്യപ്പെട്ടിരുന്നു.

The Cue
www.thecue.in