നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രൊസിക്യൂഷന്‍; വിസ്താരം ഇന്നും തുടരും

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രൊസിക്യൂഷന്‍;  വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രൊസിക്യൂഷന്‍. കേസില്‍ 34ാം സാക്ഷിയായ കാവ്യ ചൊവ്വാഴ്ച പ്രൊസിക്യൂഷന്‍ വിസ്താരത്തിനിടയിലാണ് കൂറുമാറിയത്.

വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രൊസിക്യൂഷന്‍ കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.

അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ ദിലീപിന് ശത്രുതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സല്‍ ക്യാമ്പ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ കാവ്യയും ഒപ്പം ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ വിസ്താരത്തിനായി കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല.

കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ ഇനിയും 300ഓളം പേരുടെ വിസ്താരം പൂര്‍ത്തിയാക്കാനുണ്ട്.

ഓഗസ്റ്റില്‍ അവസാനിക്കേണ്ട കേസിന്റെ വിചാരണ കൊവിഡ് പ്രതിസന്ധി മൂലം നീണ്ട് പോവുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം ആവശ്യപ്പെട്ടുകൊണ്ട് കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജ് ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയ്ക്ക് നേരത്തെ കത്തയക്കുകയും ചെയ്തിരുന്നു.

ചില നടീനടന്മാരെ സാക്ഷിയായി വിസ്തരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സുപ്രീം കോടതിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in