നടിയെ ആക്രമിച്ച കേസ്; ഹര്‍ജികള്‍ ഇനിമുതല്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; ഹര്‍ജികള്‍ ഇനിമുതല്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് പരിഗണിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇനിമുതല്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് പരിഗണിക്കും. നേരത്തെ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ വിരമിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് ഹര്‍ജികള്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്.

കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ഉത്തരവിട്ട ബെഞ്ചില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറിനൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി.എം വര്‍ഗീസും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ആറ് മാസം കൂടി അധിക സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ബൈല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയും സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in