നടിയെ ആക്രമിച്ച കേസ്; പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസ്; പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രിം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതിയായ ദിലീപിന് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ഹർജിയിൽ പറയുന്നു. ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യിൽ തെളിവുണ്ടെന്ന് പറയുന്ന ഹർജിയിൽ, വിചാരണ കോടതി പ്രോസിക്യൂഷനോട് മുൻ വിധിയോടെ പെരുമാറിയെന്നും അതിജീവിത പറയുന്നു.

വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി നടപടി. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

കേസിലെ വിചാരണ പ്രത്യേക കോടതിയിൽ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ് കോടതി നടപടികളുടെ തുടർച്ചയാണെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. ഇതോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയായി. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. ഈ ഘട്ടത്തിൽ പ്രതികളും പ്രോസിക്യൂഷനും വിചാരണയുമായി സഹകരിക്കണം. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും, പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവായി സമർപ്പിച്ച ഓഡിയോ ക്ലിപ്പിന് ആധികാരികതയില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിക്ക് എതിരായിട്ടുള്ള ആരോപണങ്ങളെല്ലാം കോടതി തള്ളിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in