ഭയക്കരുത്, ജീവനേക്കാള്‍ വലുതല്ല ഒരു പരീക്ഷയും; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനെതിരെ സൂര്യ

ഭയക്കരുത്, ജീവനേക്കാള്‍ വലുതല്ല ഒരു പരീക്ഷയും;  തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനെതിരെ സൂര്യ

തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ. നിസാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്യുന്നവര്‍ക്കിടയില്‍ ധൈര്യമാണ് വേണ്ടതെന്നും പേടി അരുതെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ സൂര്യ പറയുന്നു.

അച്ചമില്ലൈ, അച്ചമില്ലൈ അച്ചമെന്‍പത് ഇല്ലയെ എന്ന ഭാരതിയാറുടെ കവിത ഉദ്ധരിച്ചുകൊണ്ടായിരുന്നു സൂര്യ സംസാരിച്ചത്. താനും എത്രയോ പരീക്ഷകളില്‍ തോറ്റിട്ടുണ്ടെന്നും, വിശ്വാസവും ധൈര്യവുമാണ് ജീവിതത്തില്‍ ആവശ്യമെന്നും സൂര്യ പറയുന്നു.

നേടിയെടുക്കാന്‍ ഒരുപാട് കാര്യങ്ങള്‍ മുന്‍പിലുണ്ടെന്നും ആത്മഹത്യ ഒന്നിനുമുള്ള പരിഹാരമല്ലെന്നും അദ്ദേഹം പറയുന്നു.

സൂര്യയുടെ വാക്കുകള്‍

എല്ലാവരും പേടിയില്ലാതെ വിശ്വാസത്തോടുകൂടിയിരിക്കണം. ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കഴിഞ്ഞ ആഴ്ചയോ കഴിഞ്ഞ മാസമോ നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു ഭയം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ അത് ഇപ്പോഴുമുണ്ടോ? ആലോചിച്ചു നോക്കൂ... ഉറപ്പായും അത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടാകും.

ഒരു പരീക്ഷ നിങ്ങളുടെ ജീവനേക്കാളും വലുതല്ല. മനസില്‍ സങ്കടമുണ്ടെങ്കില്‍ നിങ്ങളെ വിശ്വസിക്കുന്നവരെയും നിങ്ങളെ സ്‌നേഹിക്കുന്നവര്‍, അച്ഛന്‍, അമ്മ, മുതിര്‍ന്ന ആരെങ്കിലും, അല്ലെങ്കില്‍ സുഹൃത്തുക്കള്‍ അങ്ങനെ ആരോടെങ്കിലും മനസ് തുറന്ന് സംസാരിക്കൂ. ഈ പേടി, ടെന്‍ഷന്‍ എല്ലാം കുറയും. ആത്മഹത്യ, ജീവിതം മടുത്തുവെന്ന തോന്നല്‍ ഇതൊക്കെ നിങ്ങളെ ഒരുപാട് വിശ്വസിക്കുന്നവര്‍ക്കും അച്ഛനും അമ്മയ്ക്കുമെല്ലാം ജീവിതകാലം മുഴുവനായി നിങ്ങള്‍ കൊടുക്കുന്ന വേദനയാണ്. അത് മറക്കരുത്.

ഞാന്‍ എത്രയോ പരീക്ഷകളില്‍ തോറ്റിട്ടുണ്ട്. എത്രയോ മോശം മാര്‍ക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളില്‍ ഒരുത്തനായി നിന്നുകൊണ്ട് ഉറപ്പായും എനിക്ക് പറയാന്‍ കഴിയും. വിലയുണ്ടാവുക എന്നത് മാത്രമല്ല ജീവിതം. നേടിയെടുക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്. നിങ്ങളെ സ്‌നേഹിക്കാനും മനസിലാക്കി സ്‌നേഹിക്കാനും ഒരുപാട് പേരുണ്ട്. വിശ്വാസവും ധൈര്യവുണ്ടെങ്കില്‍ എല്ലാര്‍ക്കും എന്തിനെയും വിജയിക്കാം.