20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും മോചിപ്പിച്ചു, ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപിയെത്തി

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും മോചിപ്പിച്ചു, ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപിയെത്തി

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് താന്‍ മോചിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെത്തി. കാവശ്ശേരിയിലെ ഒറ്റമുറി വീട്ടിലാണ് ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപിയെത്തിയത്.

ആലുവയില്‍ ഭിക്ഷാടന സംഘത്തിലുണ്ടായിരുന്ന യുവതി പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് പോവുകയും തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ എടുത്ത് വളര്‍ത്തുകയായുമായിരുന്നു. കുട്ടിയെ പിന്നീട് സംഘത്തിലുള്ളവര്‍ ഭിക്ഷാടനത്തിനായി ഉപയോഗിച്ചു.

ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞതും ഭിക്ഷാടനത്തിന് ഉപയോഗിച്ചതും വാര്‍ത്തയായിരുന്നു. ശരീരമാസകലം പൊള്ളലുകളോടെ കണ്ടെത്തിയ കുട്ടിയെ നാട്ടുകാരില്‍ ചിലര്‍ രക്ഷപ്പെടുത്തി ശിശുഭവനില്‍ എത്തിക്കുകയായിരുന്നു. ശിശുഭവനില്‍ നിന്ന് കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭിക്ഷാടന സംഘം പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെ വിഷയത്തില്‍ പൊലീസ് ഇടപെടുകയായിരുന്നു.

അന്ന് വിഷയത്തില്‍ സുരേഷ് ഗോപിയും ഇടപെട്ടിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിശുഭവനെ ഏല്‍പ്പിച്ചു.

അന്ന് ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തിയ ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി എത്തുകയും ശ്രീദേവിക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

പിന്നീട് പത്താം ക്ലാസ് പാസായ ശ്രീദേവിക്ക് തൊഴില്‍ പരിശീലനവും ലഭിച്ചിരുന്നു. പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യം കണ്ട് എത്തിയ കാവശ്ശേരി മുല്ലക്കല്‍ തെലുങ്കപ്പാളയത്തിലെ സതീഷ് ആണ് ശ്രീദേവിയെ വിവാഹം കഴിച്ചത്. ശ്രീദേവിക്ക് നാല് വയസ്സുള്ള ഒരു മകളുമുണ്ട്.

കൊവിഡ് പ്രതിസന്ധിക്കിടെ ജീവിതം പ്രിസന്ധിയിലായി. കട തുടങ്ങാന്‍ എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തിനോട്ടീസ് വന്നു. ഇതിനിടെയാണ് തന്റെ അവസ്ഥയും സുരേഷ് ഗോപിയോടുള്ളു കടപ്പാടും ബിജെപി സംസ്ഥാന സമിതി അംഗമായ കാവശ്ശേരിയിലെ സി.എസ് ദാസിനോട് പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം പാലക്കാട് സുരേഷ് ഗോപിയെത്തുമെന്നറിഞ്ഞപ്പോള്‍ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ഇത് അറിഞ്ഞപ്പോള്‍ സുരേഷ് ഗോപി നേരിട്ട് വീട്ടിലെത്താമെന്ന് അറിയിക്കുകയായിരുന്നു. മധുര പലഹാരങ്ങളുമായാണ് സുരേഷ് ഗോപി ശ്രീദേവിയെ കാണാന്‍ എത്തിയത്. ശ്രീദേവിയുടെയും കുടുംബത്തിന്റെയും മുന്നോട്ടുള്ള ജീവിതത്തിന് സഹായം വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in