അമ്മയെ പറ്റിച്ചിട്ടില്ല; സിദ്ദിഖിനെതിരെ സംഘടനയില്‍ പരാതി നല്‍കും, നടപടിയുണ്ടായില്ലെങ്കില്‍ നിയമ സഹായം തേടുമെന്ന് നാസര്‍ ലത്തീഫ്

അമ്മയെ പറ്റിച്ചിട്ടില്ല; 
സിദ്ദിഖിനെതിരെ സംഘടനയില്‍ പരാതി നല്‍കും, നടപടിയുണ്ടായില്ലെങ്കില്‍ നിയമ സഹായം തേടുമെന്ന് നാസര്‍ ലത്തീഫ്

ഭൂമി നല്‍കാമെന്ന് പറഞ്ഞ് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ കബളിപ്പിച്ചിട്ടില്ലെന്ന് നടന്‍ നാസര്‍ ലത്തീഫ്. തന്നെ മോശക്കാരനായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തുന്ന നടന്‍ സിദ്ദിഖിനെതിരെ പരാതി നല്‍കുമെന്നും നാസര്‍ ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് പരാതി നല്‍കാനും നടപടി ഉണ്ടാകാത്ത പക്ഷം നിയമ നടപടി തേടാനുമാണ് ഉദ്ദേശിക്കുന്നതെന്നും നാസര്‍.

രണ്ടു വര്‍ഷം മുന്‍പ് ഏഴുപുന്നയില്‍ തന്റെയും ഭാര്യയുടെയും പേരിലുള്ള ഭൂമി അമ്മയ്ക്ക് സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് പല തവണ ഇതുമായി ബന്ധപ്പെട്ടെങ്കിലും അമ്മ ഭാരവാഹികളില്‍ നിന്ന് പ്രതികരണമുണ്ടായില്ലെന്നും നാസര്‍. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കാനായിരുന്നു ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. രേഖകളുടെ പകര്‍പ്പ് ഇടവേള ബാബുവിന് നല്‍കുകയും ചെയ്തിരുന്നെന്നും നാസര്‍ പറഞ്ഞു.

നിലവില്‍ പാട്ടുകാരനായ സീറോ ബാബു, ഇബ്രാഹിം തുടങ്ങിയവര്‍ക്ക് ഭൂമി താന്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് നല്‍കിയെന്നും നാസര്‍ പറഞ്ഞു. നാലുവീടുകള്‍ നിലവില്‍ സ്ഥലത്ത് പൂര്‍ത്തിയായെന്നും നാസര്‍. തെരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയിലാണ് സിദ്ദിഖ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടന്‍ സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ' ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന മോഹന വാഗ്ദാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമില്ല...' എന്ന വരികളുണ്ടായിരുന്നു. അതേസമയം അമ്മ തെരഞ്ഞെടുപ്പിനെക്കുറിച്ച് തനിക്ക് പരാതിയില്ലെന്നും തെരഞ്ഞെടുപ്പ് ജനാധിപത്യപരമായ രീതിയില്‍ തന്നെയാണ് നടന്നതെന്നും നാസര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in