മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ല; ബി.ജെ.പിയിൽ തന്നെയുണ്ടാകുമെന്ന് കൃഷ്ണകുമാർ

മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ല; ബി.ജെ.പിയിൽ തന്നെയുണ്ടാകുമെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബി.ജെ.പിക്കൊപ്പം തന്നെയുണ്ടാകുമെന്ന് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ.

'തെരഞ്ഞെെടുപ്പിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ പലരും എന്നോട് ചോദിച്ച ചോദ്യമാണ് ജയിച്ചാൽ എന്ത് ചെയ്യും, തോറ്റാൽ എന്ത് ചെയ്യും എന്നത്. ജയിക്കാൻ വേണ്ടി തന്നെയാണ് നമ്മൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ വന്നവർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ അപ്പോഴും ഇവിടെ സ്മൃതി ഇറാനിയുണ്ട്. അവരും സിനിമയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വന്നതാണ്.

എന്റെ ഉദ്ദേശ്യം ഇവിടെ നിന്ന് പ്രവർത്തിക്കുക എന്നത് തന്നെയാണ്. കേരളത്തിൽ ബി.ജെ.പിയോടൊപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന സെലിബ്രിറ്റികളിൽ നിന്ന് എനിക്ക് ഒരു വ്യത്യാസമുണ്ട്. അവർ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് ബി.ജെ.പിയിൽ വന്നവരാണ്. ഞാൻ നേരത്തെ തന്നെ ബി.ജെ.പിയുടെ പ്രവർത്തനത്തിന്റെ ഭാ​ഗമായിരുന്നു. തെരഞ്ഞെടുപ്പിലൊന്നും ഞാൻ നിന്നിട്ടുമില്ല. മറ്റുള്ളവരെ ജയിപ്പിക്കാൻ ക്യാമ്പയിന് പോകുന്നതായിരുന്നു എനിക്ക് ഇഷ്ടം,' കൃഷ്ണകുമാർ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് ക്രിക്കറ്റ് താരം ശ്രീശാന്തായിരുന്നു ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചത്. സംവിധായകൻ രാജേസേനനും മത്സരിച്ചിരുന്നു. കൊല്ലം തുളസി ബി.ജെ.പിക്ക് വേണ്ടി സജീവമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു.

'കേരളത്തിൽ ക്രിസ്ത്യൻ ജനസംഖ്യയും മുസ്ലിം ജനസംഖ്യയും കൂട്ടുമ്പോൾ ഉണ്ടാകുന്ന മൈനോരിറ്റി അം​ഗസംഖ്യ ഏകേദശം ഹിന്ദു വിഭാ​ഗത്തിന്റെ അടുത്ത് വരും. അത് കേരളത്തിലെ ഫലത്തിൽ പ്രതിഫലിക്കാറുണ്ട്. പക്ഷേ ഇന്ന് ഭൂരിഭാ​ഗം ന്യൂനപക്ഷങ്ങൾക്കും തങ്ങളെ വോട്ട് ബാങ്കാക്കി മാറ്റുകയാണ് എന്നത് മനസിലായി കഴിഞ്ഞു. അതുകൊണ്ട് ബി.ജെ.പിയെ അകറ്റി നിർത്തേണ്ടതില്ല എന്ന ചിന്ത അവർക്ക് വന്നു തുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലകളിലെ സംസ്ഥാനങ്ങളിൽ ഇപ്പോൾ ബി.ജെ.പി അധികാരത്തിൽ വരുന്നതിന് കാരണവും ഇത് തന്നെയാണ്.

ഇത്തവണ കടപ്പുറം മേഖലയിലും തിരുവനന്തപുരം സിറ്റിയിലും പ്രചരണം നടത്തിയപ്പോൾ ആവേശകരമായ സ്വീകരണമാണ് കിട്ടിയത്. ക്രിസ്ത്യൻ, മുസ്ലിം ഏരിയയിലും വലിയ സ്വീകരണമാണ് ലഭിച്ചതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

പണ്ട് തൊട്ടേ ഉള്ള നരേറ്റീവ് ബി.ജെ.പി ഹിന്ദു പാർട്ടിയാണ് എന്നതാണ്. പക്ഷേ ഇക്കുറി ഞാൻ ക്രിസ്ത്യൻ പുരോഹിതരുമായൊക്കെ സംസാരിച്ചിരുന്നു. അവർക്ക് ആർക്കും ബി.ജെ.പിയോട് ഇപ്പോൾ അകലമില്ല. അതുകൊണ്ട് തന്നെ ബി.ജെ.പി ഇനി കൈവെക്കേണ്ടത് വികസന പ്രവർത്തനങ്ങളിലാണ്. ആൾക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ വളരെ അധികം കാര്യങ്ങൾ ബി.ജെ.പിക്ക് ചെയ്യാനുണ്ട്,'' വികസനത്തിലൂടെ മാത്രമേ ബി.ജെ.പി ഒരു ഹിന്ദു പാർട്ടിയല്ല എന്ന തെറ്റിധാരണ മാറ്റാൻ കഴിയുകയുള്ളൂ എന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ള കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

റിസൈൻ മോദി ഹാഷ് ടാ​ഗ് ട്രെന്റിങ്ങാകുന്നതിൽ കാര്യമില്ല. സമരങ്ങൾ എല്ലാം പൊളിഞ്ഞതുകൊണ്ടാണ് ഈ ഹാഷ് ടാ​ഗ് ഇപ്പോൾ വരുന്നത്. ഈ അറുപത് അറുപത്തഞ്ച് വർഷം ഭരിച്ച കോൺ​ഗ്രസ് എന്തുകൊണ്ട് ആരോ​ഗ്യമേഖലയിൽ ഇൻഫ്രാസ്ട്രക്ച്ചർ മെച്ചപ്പെടുത്തിയില്ല. സ്വതന്ത്ര ഭാരതത്തിൽ ഏത്രയോ വർഷങ്ങൾ കഴിഞ്ഞാണ് പോളിയോ വാക്സിൻ പോലും കൊടുക്കുന്നത്. പക്ഷേ ഇവിടെ ഇപ്പോൾ ഇന്ത്യ ഒരു വർഷം കൊണ്ട് തന്നെ കൊവാക്സിൻ നിർമ്മിച്ച് കഴിഞ്ഞു. ആന്റി ഇന്ത്യക്കാരായിട്ടുള്ള ആളുകളാണ് ഇത്തരം ക്യാമ്പയിനുകളിൽ അണിനിരക്കുന്നത്.

ബി.ജെ.പിയിലെ ഭിന്നതകളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. ഞാൻ പാർട്ടിയിലെ ഒരു ജൂനിയർ മെമ്പറാണ്. ഇത്തരം വിഷയങ്ങളെല്ലാം ഒരു കുടുംബത്തിൽ സംഭവിക്കുമ്പോൾ കൈകാര്യം ചെയ്യുന്നത് പോലെ നോക്കാൻ പാർട്ടിക്ക് അറിയാം. അതെല്ലാം ചെറിയ വിഷയങ്ങൾ മാത്രമാണ്. തെരഞ്ഞെടുപ്പിൽ ഇക്കുറി വിജയിക്കുമെന്ന ആത്മവിശ്വാസവും കൃഷ്ണകുമാർ പ്രകടിപ്പിച്ചു.

ഇരുപത് ദിവസം തുടർച്ചയായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. എനിക്കെതിരെ നിന്നവർ വളരെ മുതിർന്ന രണ്ട് നേതാക്കളാണ്. എന്നിട്ടും ശക്തമായ മത്സരം തന്നെയായിരുന്നു തിരുവനന്തപുരത്ത്. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് എനിക്ക് ലഭിച്ചത്. സർവ്വേ ഫലങ്ങളൊന്നും ഒരിക്കലും 100 ശതമാനം ശരിയാണെന്ന് പറയാൻ സാധിക്കില്ലല്ലോ?, കൃഷ്ണകുമാർ പറഞ്ഞു.

പെട്രാളിന്റെ നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ തയ്യാറായിരുന്നില്ല. ഇതാണ് വിലക്കയറ്റത്തിന് ഒരു പ്രധാന കാരണം. അത് ജനങ്ങൾക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സമയത്തെ പെട്രോൾ ഡീസൽ വില വർദ്ധനവ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in