ശ്രീജിത്തിനെ മാറ്റിയത് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ നീങ്ങിയതു കൊണ്ട്?; റിപ്പോര്‍ട്ട്

ശ്രീജിത്തിനെ മാറ്റിയത് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ നീങ്ങിയതു കൊണ്ട്?;  റിപ്പോര്‍ട്ട്

നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ നീങ്ങിയതാണ് ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ സ്ഥാന ചലനത്തിന് കാരണമെന്ന് സൂചനയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട്.

ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കി വെള്ളിയാഴ്ച നിയമിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ അന്വേഷണ സംഘതലവനെ മാറ്റിയത് കേസന്വേഷണം അട്ടിമറിക്കാനാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുള്‍പ്പെടെ ഉയര്‍ത്തിയ ആരോപണം.

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് മേധാവിയെ നീക്കിയ സര്‍ക്കാര്‍ നടപടി അപ്രതീക്ഷിതമായിരുന്നു.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ രാമന്‍ പിള്ളയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. നടിയുടെ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടീസയച്ചിരുന്നു.

എ.ഡി.ജി.പി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു.

ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പി.ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണ്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് എസ്. ശ്രീജിത്തിനെ നീക്കിയ നടപടിയെന്നും നുസൂര്‍ പറഞ്ഞു.

കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് വടകര എം.എല്‍.എ .കെ രമയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാക്കി സ്ഥലം മാറ്റി വെള്ളിയാഴ്ച ഉത്തരവിറങ്ങിയിരുന്നു. ഷേഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച കാലാവധി അവസാനിക്കാനിരിക്കെയാണ് എസ്. ശ്രീജിത്തിന്റെ സ്ഥലം മാറ്റം.

Related Stories

No stories found.
logo
The Cue
www.thecue.in