പുലി പതുങ്ങുന്നത് പിന്‍വാങ്ങാനല്ല, കുതിക്കാനാണ്; പൊതുതെരഞ്ഞെടുപ്പ് ഗോദയില്‍ കാണാമെന്ന് എഎപി

പുലി പതുങ്ങുന്നത് പിന്‍വാങ്ങാനല്ല, കുതിക്കാനാണ്; പൊതുതെരഞ്ഞെടുപ്പ് ഗോദയില്‍ കാണാമെന്ന് എഎപി

പുലി പതുങ്ങുന്നത് പിന്‍വാങ്ങാന്‍ അല്ല കുതിക്കാന്‍ ആണെന്ന് ആം ആദ്മി പാര്‍ട്ടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങാത്തത് വരാനിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാനാണെന്ന് ആംആദ്മി പാര്‍ട്ടി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പല്ല ആംആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം എന്നും 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഗോദയില്‍ കാണാം എന്നും എഎപി പറഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ കൊടിയേറ്റം കാണാന്‍ ഒരുങ്ങി നിന്നോയെന്നും എ.എ.പി പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എ.എ.പി ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് മത്സരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

എ.എ.പിയുടെ അടസ്ഥാന ലക്ഷ്യം പൊതുതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് അധികാരം നേടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുക എന്നതാണെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു. ഒരു സീറ്റില്‍ മാത്രം അധികാരം കിട്ടിയിട്ട് പാര്‍ട്ടിക്ക് ഒന്നും കിട്ടാനില്ലെന്നും എഎപി പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എ.എ.പിയുടെ പ്രതികരണം.