ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്‌കരിക്കരുത്; അപേക്ഷയുമായി ആമിര്‍ ഖാന്‍

ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്‌കരിക്കരുത്; അപേക്ഷയുമായി ആമിര്‍ ഖാന്‍

ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരായ വിദ്വേഷ പ്രചരണങ്ങളില്‍ പ്രതികരണവുമായി ആമീര്‍ ഖാന്‍.

ചിത്രത്തിനെതിരായ പ്രചരണങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും താന്‍ ഇന്ത്യയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നയാളാണെന്നും ആമീര്‍ പറഞ്ഞു

''ഞാന്‍ ഇന്ത്യയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നു. അങ്ങനെയാണ് ഞാന്‍. ചില ആളുകള്‍ക്ക് ഇത്തരത്തില്‍ തോന്നുന്നു എന്നത് നിരാശാജനകമാണ്. എനിക്ക് എല്ലാവരോടും പറയാനുള്ളത് ദയവ് ചെയ്ത് എന്റെ ചിത്രം ബഹിഷ്‌കരിക്കരുത് എന്നാണ്. എന്റെ സിനിമകള്‍ കാണണം,'' ആമിര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയ്‌ക്കെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചരണം ശക്തമായിരുന്നു.

ഏഴ് വര്‍ഷം മുമ്പുള്ള ആമിര്‍ ഖാന്റെ പ്രസ്താവന മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടക്കുന്നത്. അന്ന് കിരണ്‍ റാവോ ഇന്ത്യ ജീവിക്കാന്‍ ഇപ്പോള്‍ സുരക്ഷിതമല്ലാത്ത ഇടമായി മാറിയിരിക്കുന്നുവെന്ന് പറഞ്ഞുവെന്നും ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നു വരുന്നത് കൊണ്ട് രാജ്യം വിടുന്നതിനെ കുറിച്ച് റാവോയും താനും സംസാരിച്ചിരുന്നെന്ന് ആമിര്‍ പറഞ്ഞിരുന്നു. ഇത് പിന്നീട് വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതേ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് ആമിര്‍ ഖാനെതിരെ ഇപ്പോള്‍ വിദ്വേഷ പരാമര്‍ശം നടക്കുന്നത്.

#BoycottLaalSinghChaddha എന്ന ഹാഷ് ടാഗിലാണ് വിദ്വേഷ പ്രചരണം. ആഗസ്ത് പതിനൊന്നിനാണ് ലാല്‍ സിംഗ് ഛദ്ദ റിലീസിനൊരുങ്ങുന്നത്.

ആറ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഫോറസ്റ്റ് ഗംപ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ടോം ഹാങ്ക്‌സാണ് ഒറിജിനല്‍ പതിപ്പില്‍ നായകനായെത്തിയത്. കരീന കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് സംവിധാനം. വയാകോ 18 പിക്‌ചേഴ്‌സും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in