'ഒറ്റകെട്ടായി ഒറ്റപ്പെടുത്തണം'; ബിജെപിയും എസ്ഡിപിഐയും കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.എ റഹീം

'ഒറ്റകെട്ടായി ഒറ്റപ്പെടുത്തണം'; ബിജെപിയും എസ്ഡിപിഐയും കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.എ റഹീം

എസ്.ഡി.പി.ഐയും ബി.ജെ.പിയും കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം. കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണെന്നും ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം. അതാത് സമുദായങ്ങള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ചയുണ്ടായില്ലെന്നും മുന്‍ കേസുകളില്‍ പൊലീസ് സമര്‍ത്ഥമായി അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞു.

രാഷ്ട്രീയ വിവാദമുണ്ടാക്കാതെ ഇത്തരം പ്രശ്‌നങ്ങളെ ഒറ്റകെട്ടായി നേരിടണം. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുന്നതില് കേന്ദ്ര സര്‍ക്കാരിന് മാപ്പ് അര്‍ഹിക്കാത്ത നിസംഗത ഉണ്ടായെന്നും റഹീം കുറ്റപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ആലപ്പുഴയില്‍ 144 പ്രഖ്യാപിച്ചത്. പ്രദേശത്ത് വാഹന പരിശോധനയും കര്‍ശനമാക്കി. സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ടെന്നും കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു.

12 മണിക്കൂറിനിടെയാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ എസ് ഷാന്‍, ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയ്യാറാകും എന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in