'ഞങ്ങള്‍ക്ക് ഇതൊക്കെ ശീലമല്ലേ'; തോല്‍വി പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്ന് എ.എന്‍ രാധാകൃഷ്ണന്‍

'ഞങ്ങള്‍ക്ക് ഇതൊക്കെ ശീലമല്ലേ'; തോല്‍വി പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്ന് എ.എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ എഎന്‍ രാധാകൃഷണന്‍. തെരഞ്ഞെടുപ്പ് തോല്‍വി തങ്ങള്‍ക്ക് പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്നും ഇതെല്ലാം ശീലമാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പോരായ്മ പരിശോധിക്കും. തൃക്കാക്കര തങ്ങളുടെ സി ഗ്രേഡ് മണ്ഡലമാണ് അത് അങ്ങനെ തന്നെ തുടരുമെന്നാണ് തോന്നുന്നതെന്നും എഎന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയിലെ ഉമ തോമസിന്റെ വിജയം ശക്തമായ സഹതാപ തരംഗമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. പി ടി തോമസിനെ ഇപ്പോഴും തൃക്കാക്കരയിലെ ജനങ്ങള്‍ സ്‌നേഹിക്കുന്നു എന്നതിന് തെളിവാണ് ആ സഹതാപ തരംഗത്തിന്റെ കാരണം. സംസ്ഥാന സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസിന്റെ വിജയം. ഉമ തോമസ് 72,770 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് 47,754 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

2021ലെ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്റെ വിജയം 14,329 വോട്ടുകള്‍ക്കായിരുന്നു. മണ്ഡലചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലീഡാണ് ഉമ തോമസിന്റേത്.

Related Stories

No stories found.
The Cue
www.thecue.in