ആശുപത്രിയ്ക്ക് പുറത്ത് യുവതി പ്രസവിച്ചു ; ഡല്‍ഹിയില്‍ 5 ഡോക്ടര്‍മാരെ ഡീബാര്‍ ചെയ്തു

ആശുപത്രിയ്ക്ക് പുറത്ത് യുവതി പ്രസവിച്ചു ; ഡല്‍ഹിയില്‍ 5 ഡോക്ടര്‍മാരെ ഡീബാര്‍ ചെയ്തു

ഡല്‍ഹിയില്‍ ആശുപത്രിയ്ക്കു പുറത്ത് യുവതി പ്രസവിച്ച സംഭവത്തില്‍ 5 ഡോക്ടര്‍മാരെ ഡീബാര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സഫ്ദര്‍ജംഗ് ഗവണ്മെന്റ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് പുറത്ത് യുവതി പ്രസവിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. രോഗിക്ക് പ്രവേശനം വാഗ്ദാനം ചെയ്‌തെങ്കിലും അഡ്മിഷന്‍ പേപ്പറുമായി മടങ്ങിയില്ലെന്ന് ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.

അന്വേഷണത്തിന് ശേഷം 5 ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ സൂപ്രണ്ട് ഡോ. എസ്.വി. ആര്യ അംഗീകരിച്ച അഡീഷണല്‍ എം.എസ് ഒപ്പിട്ടതുമായ ഓഫീസ് ഉത്തരവ് നല്‍കി. ജൂലൈ 19ന് ആശുപത്രിക്ക് പുറത്ത് ഗര്‍ഭിണിയായ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കിയത് സഫ്ദര്‍ജംഗ് ആശുപത്രിയുടെയും വിഎംഎംസിയുടെയും ശ്രദ്ധയില്‍പ്പെട്ടുണ്ടെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ റസിഡന്റ് പരിശോധിച്ചുവെന്നും ഉത്തരവിലുണ്ട്.

'മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, അന്വേഷണ റിപ്പോര്‍ട്ടിന്റെയോ തുടര്‍ ഉത്തരവിന്റെയോ അന്തിമരൂപം വരെ ചുമതലകളില്‍ നിന്ന് നിങ്ങളെ വിലക്കിയിരിക്കുന്നു,' എന്നും ഉത്തരവില്‍ പറയുന്നു.

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രവേശനം നിഷേധിച്ചതിന്റെ കാരണങ്ങള്‍, വിഷയത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, എമര്‍ജന്‍സി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളിന്റെ പകര്‍പ്പ് എന്നിവ നല്‍കാനാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പേരുകേട്ട സര്‍ക്കാര്‍ ആശുപത്രികള്‍ പോലും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്രവേശനവും പരിചരണവും നിഷേധിക്കുന്ന ഇത്തരം സംഭവങ്ങള്‍ ലജ്ജാകരമാണെന്ന് ട്വിറ്ററില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ചീഫ് സ്വാതി മലിവാള്‍ പങ്കുവെച്ചു. സഫ്ദര്‍ജംഗ് ഹോസ്പിറ്റലിന് നോട്ടീസ് നല്‍കുകയും വിഷയത്തില്‍ ഉത്തരവാദിത്തം സ്ഥാപിക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നും വനിതാ കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

ദാദ്രിയില്‍ നിന്നുമുള്ള 21 കാരിയായ പൂനമിനെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തുവെന്നും കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in