‘മറ്റ് ഭാഷകളെ പിന്‍തള്ളാനുള്ള കേന്ദ്രനീക്കം യുദ്ധപ്രഖ്യാപനം’; ഹിന്ദി അജണ്ടയിലൂടെ പുതിയ സംഘര്‍ഷവേദി തുറക്കുന്നുവെന്ന് മുഖ്യമന്ത്രി 

‘മറ്റ് ഭാഷകളെ പിന്‍തള്ളാനുള്ള കേന്ദ്രനീക്കം യുദ്ധപ്രഖ്യാപനം’; ഹിന്ദി അജണ്ടയിലൂടെ പുതിയ സംഘര്‍ഷവേദി തുറക്കുന്നുവെന്ന് മുഖ്യമന്ത്രി 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഹിന്ദി വാദത്തെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദി അജണ്ട പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംഘപരിവാര്‍ അജണ്ടയാണ് അമിത്ഷായുടേത്. മറ്റ് ഭാഷകളെ പിന്‍തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും പിണറായി കുറിച്ചു.

രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടും ഹിന്ദി അജണ്ടയില്‍ നിന്ന്‌ പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണത് 

പിണറായി വിജയന്‍ 

രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയപ്പെടുന്നുണ്ടെന്ന് സംഘപരിവാര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും പരാമര്‍ശിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

രാജ്യത്ത് ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം രംഗത്തെത്തിയത്. ഇന്ത്യയില്‍ വ്യാപകമായി സംസാരിക്കുന്ന ഭാഷ ഹിന്ദിയാണെന്നും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഹിന്ദിക്കായിരിക്കുമെന്നായിരുന്നു ഷായുടെ പരാമര്‍ശം. ഹിന്ദി ഭാഷാ ദിനാചരണത്തോടനുബന്ധിച്ചായിരുന്നു വാക്കുകള്‍. ഒരൊറ്റ ഭാഷയിലേക്ക് രാജ്യത്തെ ചുരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in