‘മോദി സഭയിലെ വിദ്യാഭ്യാസമന്ത്രി വ്യാജ ഡോക്ടറേറ്റിന് ഉടമ’; വ്യാജഡിഗ്രി ആക്ഷേപമൊഴിയാതെ മാനവവിഭവശേഷി വകുപ്പ് 

‘മോദി സഭയിലെ വിദ്യാഭ്യാസമന്ത്രി വ്യാജ ഡോക്ടറേറ്റിന് ഉടമ’; വ്യാജഡിഗ്രി ആക്ഷേപമൊഴിയാതെ മാനവവിഭവശേഷി വകുപ്പ് 

നരേന്ദ്രമോദിയുടെ രണ്ടാം സര്‍ക്കാരിനെയും വ്യാജഡിഗ്രി ആരോപണങ്ങള്‍ പിന്‍തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയും വ്യാജ ഡിഗ്രികള്‍ക്ക് ഉടമകളാണെന്ന് കഴിഞ്ഞ എന്‍ഡിഎ ഭരണത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. വിവാദത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിനോ ബിജെപി നേതൃത്വത്തിനോ ഇതുവരെയും സാധിച്ചിരുന്നുമില്ല. വ്യാജ ഡോക്ടറേറ്റുകള്‍ സമ്പാദിച്ചെന്ന് ആരോപണം നേരിടുന്ന രമേഷ് പൊഖ്രിയാല്‍ നിഷാങ്കിനെയാണ് ഇക്കുറി,മാനവവിഭവ ശേഷി വകുപ്പിന്റെ ചുമതലയില്‍ നിയോഗിച്ചിരിക്കുന്നത്.

ഡോക്ടറേറ്റുകളോട് പ്രത്യേക താല്‍പ്പര്യമുള്ള ബിജെപി നേതാവെന്ന് ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയായിരിക്കെ ഇദ്ദേഹത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.

രണ്ട് ഡോക്ടറേറ്റുകള്‍ തനിക്കുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത് .ഡോ. രമേഷ് പൊഖ്രിയാല്‍ എന്നാണ് ഔദ്യോഗിക രേഖകളിലടക്കം ഉപയോഗിക്കുന്നത്.

ശ്രീലങ്കയിലെ കൊളംബോ ആസ്ഥാനമായുള്ള ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ (OIU) നിന്നാണ് ഇവ ലഭിച്ചതെന്നാണ് വാദം. ശാസ്ത്രത്തിലും സാഹിത്യത്തിലുമാണ് ഡോക്ടറേറ്റ് എന്ന് ഇദ്ദേഹം പറയുന്നു. 90 കളില്‍ പ്രസ്തുത ശ്രീലങ്കന്‍ സര്‍വ്വകലാശാല ആദ്യം സാഹിത്യത്തിലും കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്രത്തിലും ഡി ലിറ്റ് ബിരുദം നല്‍കിയെന്നാണ് ഇദ്ദേഹം പറയുന്നത്.

എന്നാല്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി (OIU) വിദേശ സര്‍വ്വകലാശാലയായി രജിസ്റ്റര്‍ ചെയ്തതല്ലെന്ന് ലങ്കന്‍ യുജിസി(യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍) വ്യക്തമാക്കിയിരുന്നു. ഇതുമാത്രമല്ല ഒഐയു എന്നത് ആഭ്യന്തര സര്‍വ്വകലാശാലയായി പോലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതല്ല.

പൊഖ്രിയാല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ ഈ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

പിന്നെയെവിടുന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നുമില്ല. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചവര്‍ക്കും അപൂര്‍ണ വിവരങ്ങളാണ് ലഭ്യമായത്. അതായത് പൊഖ്രിയാലിന്റെ ബയോഡാറ്റയിലെ വിവരങ്ങള്‍ അതേപടി നല്‍കി തടിതപ്പുകയായിരുന്നു. സ്ഥിതിഗതികള്‍ വഷളാക്കിക്കൊണ്ട് ഇദ്ദേഹത്തിന്റെ ജനന തിയ്യതി സംബന്ധിച്ച വൈരുധ്യവും പുറത്തുവന്നു. ബയോഡാറ്റയില്‍ പരാമര്‍ശിക്കുന്ന ജനന തിയ്യതിയല്ല പാസ്‌പോര്‍ട്ടിലുള്ളത്.

1959 ഓഗസ്റ്റ് 15 ആണ് ബയോഡാറ്റയിലെ ജനന തിയ്യതി. എന്നാല്‍ 1959 ജൂലൈ 15 എന്നാണ് പാസ്‌പോര്‍ട്ടിലുള്ളത്. അതായത് 30 ദിവസത്തെ വ്യത്യാസമുണ്ട്.

എന്നാല്‍ ഇത്തരം ഗുരുതര ആരോപണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് നരേന്ദ്രമോദി ഇദ്ദേഹത്തെ വിദ്യാഭ്യാസമന്ത്രിയാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in