ലേയ്‌സ് ബഹിഷ്‌കരണാഹ്വാനം കണ്ട് പെപ്‌സികോ ഞെട്ടി; ഇപ്പോള്‍ ഒത്തുതീര്‍പ്പിന് തയ്യാര്‍, കര്‍ഷകരില്‍ നിന്ന് കോടികള്‍ വേണ്ട  

ലേയ്‌സ് ബഹിഷ്‌കരണാഹ്വാനം കണ്ട് പെപ്‌സികോ ഞെട്ടി; ഇപ്പോള്‍ ഒത്തുതീര്‍പ്പിന് തയ്യാര്‍, കര്‍ഷകരില്‍ നിന്ന് കോടികള്‍ വേണ്ട  

ഗുജറാത്തിലെ ഉരുളകിഴങ്ങ് കര്‍ഷകരോട് തങ്ങളുടെ ഉത്പന്നമായ ലെയ്‌സ് ചിപ്‌സിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കോടികള്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട പെപ്‌സികോ രാജ്യത്ത് ഉയര്‍ന്ന പ്രതിഷേധത്തില്‍ ഞെട്ടി ഒത്തുതീര്‍പ്പിന്. ബഹുരാഷ്ട്ര കുത്തക കമ്പനി സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന ലേയ്‌സ് ബഹിഷ്‌കരണാഹ്വാനം കണ്ടാണ് ഒത്തുതീര്‍പ്പിന് ഉപാധികളുമായെത്തിയത്. #boycottLays, സ്റ്റാന്‍ഡ് വിത്ത് ഔര്‍ ഫാര്‍മേഴ്‌സ് തുടങ്ങി കര്‍ഷകര്‍ക്കായി സോഷ്യല്‍മീഡിയകളില്‍ ശക്തമായ ക്യാമ്പെയ്‌നാണ് നടന്നത്.

ഗുജറാത്തിലെ കര്‍ഷകരോട് ഒന്നര കോടി നഷ്ട പരിഹാരം ചോദിച്ച പെപ്‌സികോയ്ക്ക് ഇപ്പോള്‍ നഷ്ടപരിഹാരം വേണ്ട. ബഹിഷ്‌കരണാഹ്വാനത്തില്‍ ഞെട്ടിയ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ കോടികള്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോവുകയും പകരം ചില ഉപാധികള്‍ മുന്നോട്ടുവെയ്ക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ലേയ്‌സിനായി ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങ് കൃഷി കര്‍ഷകര്‍ അവസാനിപ്പിക്കണമെന്നാണ് അഹമ്മദാബാദിലെ സിവില്‍ കോടതിയില്‍ പെപ്‌സികോ അഭിഭാഷകന്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് ഉപാധികളിലൊന്ന്. ഒത്തുതീര്‍പ്പിനായി പെപ്‌സികോ മുന്നോട്ട് വെയ്ക്കുന്ന ഉപാധികള്‍ ഇവയാണ്.

  • തങ്ങള്‍ ലെയ്‌സിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തരത്തിലുള്ള ഉരുളകിഴങ്ങുകള്‍ ഇനി കൃഷി ചെയ്യില്ലെന്ന് കര്‍ഷകര്‍ ഉറപ്പുനല്‍കണം.
  • നിലവില്‍ ഉല്പാദിപ്പിച്ച ഉരുളകിഴങ്ങുകള്‍ നശിപ്പിക്കുകയോ പെപ്‌സികോയുടെ സഹകരണത്തോടെയുള്ള കാര്‍ഷിക പരിപാടിയില്‍ പങ്കാളിയായി ഉത്പന്നങ്ങള്‍ കമ്പനിക്ക് വില്‍ക്കണം. കമ്പനിയില്‍ നിന്ന് ഉപാധി അനുസരിച്ച് വിത്തുകള്‍ വാങ്ങുകയും കൃഷി ചെയ്ത് ഉത്പന്നം കമ്പനിക്ക് തന്നെ വില്‍ക്കുകയും ചെയ്യാവുന്നതാണ്.

പെപ്‌സികോയുടെ ഉപാധികളെ കുറിച്ച് കര്‍ഷകരോട് ചോദിച്ച് അഭിപ്രായം അറിയിക്കാമെന്നാണ് അഹമ്മദാബാദ് കോടതിയില്‍ കര്‍ഷകരുടെ അഭിഭാഷകന്‍ അറിയിച്ചത്. പെപ്‌സികോയുടെ ഓഫര്‍ പരിഗണിച്ച് ഉടന്‍ കോടതിയില്‍ മറുപടി അറിയിക്കാനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. ജൂണ്‍ 12ന് ആണ് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കുന്നത്.

പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് 64ാം സെക്ഷന്‍ പ്രകാരമാണ് പെപ്‌സികോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതേ ആക്ടിലെ 39ാം വകുപ്പ് ഉപയോഗിച്ചു തന്നെയാണ് ഗുജറാത്തിലെ കര്‍ഷകരും തങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തി കോടതിയില്‍ മറുവാദം നടത്തിയത്.

ഗുജറാത്തിലെ 4 കര്‍ഷകരോടാണ് 1.05 കോടി രൂപ നഷ്ടപരിഹാരം ഉരുളകിഴങ്ങ് കൃഷി ചെയ്തതിന് ബഹുരാഷ്ട്ര കുത്തക കമ്പനി ആവശ്യപ്പെട്ടത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടാണ് പെപ്‌സികോ നിയമനടപടികള്‍ സ്വീകരിച്ചത്. അനുമതിയില്ലാതെ ഈ തരത്തിലുള്ള ഉരുളകിഴങ്ങ് കൃഷി ചെയ്‌തെന്നാണ് കര്‍ഷകര്‍ക്കെതിരെ ആരോപിച്ച കുറ്റം.

Related Stories

No stories found.
logo
The Cue
www.thecue.in