മുല്ല ഒമര്‍ സ്ഥാപിച്ച താലിബാന്റെ ഇപ്പോഴത്തെ തലവന്മാര്‍; യാക്കൂബ് എന്തുകൊണ്ട് ഹക്കുന്‍സാദയ്ക്ക് വഴിമാറി

ദോഹയിലെ ഇന്‍ട്രാ അഫ്ഗാന്‍ പീസ് ടോക്കില്‍ നിന്നുള്ള ചിത്രം
ദോഹയിലെ ഇന്‍ട്രാ അഫ്ഗാന്‍ പീസ് ടോക്കില്‍ നിന്നുള്ള ചിത്രം

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കാബൂള്‍ അടക്കമുള്ള പ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലെത്തിയിരിക്കുകയാണ്. അഷ്‌റഫ് ഗനിക്ക് പലായനം ചെയ്യേണ്ടി വന്നു. കാബൂള്‍ നഗരത്തിലേക്ക് കൂടുതല്‍ താലിബാന്‍ ഭീകരവാദികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച താലിബാന്‍ 1996ല്‍ അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത് അധികാരത്തിലെത്തിയിരുന്നു. താലിബാന്‍ ഭരണത്തില്‍ ഇസ്ലാമിക് നിയമങ്ങള്‍ അഫ്ഗാന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയും അഫ്ഗാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തിരുന്നു.

മുല്ല മുഹമ്മദ് ഒമറാണ് താലിബാന്‍ സ്ഥാപിച്ചത്. 2001ലെ സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിന് ശേഷം യു.എസ് സേന താലിബാനിലെത്തിയതോടെ മുല്ല ഒമര്‍ ഒളിവില്‍ പോയി. 2013ലാണ് മുല്ല ഒമറിന്റെ മരണം മകന്‍ സ്ഥിരീകരിക്കുന്നത്.

ആരാണ് ഇപ്പോഴത്തെ താലിബാന്‍ നേതാക്കള്‍

ഹൈബത്തുള്ള അകുന്‍സാദ

നിലവില്‍ താലിബാന്‍ ഭീകരവാദികളുടെ തലവന്‍ ഹൈബത്തുള്ള അകുന്‍സാദയാണ്. '' വിശ്വാസികളുടെ നേതാവ്'' എന്നാണ് ഹൈബത്തുള്ള അകുന്‍സാദ അറിയപ്പെടുന്നത്. താലിബാന്‍ ഭീകരവാദികളുടെ രാഷ്ട്രീയപരവും മതപരവും സൈനികപരവുമായ തീരുമാനങ്ങളിലെല്ലാം അവസാന വാക്ക് ഹൈബത്തുള്ള അകുന്‍സാദയുടേതാണ്.

2016ല്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് അകുന്‍സാദ താലിബാന്റെ തലപ്പത്ത് എത്തുന്നത്. അഫ്ഗാന്‍- പാക് ബോര്‍ഡറില്‍ വെച്ചാണ് അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെടുന്നത്.

പതിനഞ്ച് വര്‍ഷത്തോളം കുചാലകിലെ ഒരു പള്ളിയിലാണ് അകുന്‍സാദ പഠിപ്പിച്ചത്. 2016ല്‍ അകുന്‍സാദ ഒളിവില്‍ പോയി. അറുപത് വയസോളം പ്രായമുണ്ട് അകുന്‍സാദയ്‌ക്കെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മുല്ല മുഹമ്മദ് യാക്കൂബ്

താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാക്കൂബ്. താലിബാന്റെ സൈനിക മേല്‍നോട്ടമാണ് യാക്കൂബ് പ്രധാനമായും നോക്കുന്നത്. മുല്ല യാക്കൂബ് താലിബാനെ നിയന്ത്രിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ യുദ്ധമുഖത്ത് അനുഭവ പരിചയമില്ലാതിരുന്നതിനാല്‍ ഇയാള്‍ വിട്ടുനില്‍ക്കുകയും പകരം അകുന്‍സാദയ്ക്ക് ചുമതല നല്‍കുകയുമായിരുന്നു. അനുഭവപരിചയമില്ലാത്തതും, പ്രായവുമായിരുന്നു മുല്ല യാക്കൂബിനെ തലവനാക്കാതിരുന്നതിന് പിന്നിലെ പ്രധാന കാരണം. മുപ്പത് വയസാണ് യാക്കൂബിന്റെ പ്രായമെന്നാണ് കരുതപ്പെടുന്നത്.

സിറാജുദ്ദീന്‍ ഹഖാനി

മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്‍. ഹഖാനി നെറ്റ്‌വര്‍ക്ക് നിയന്ത്രിക്കുന്നത് സിറാജുദ്ദീനാണ്. താലിബാന്റെ സാമ്പത്തികവും സൈനികവുമായിട്ടുള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് ഹഖാനി നെറ്റ്‌വര്‍ക്കാണ്. അഫ്ഗാനില്‍ സൂയിസയിഡ് ബോംബിങ്ങ് കൊണ്ടുവന്നതില്‍ വലിയ പങ്കുണ്ട് ഹഖാനിക്ക്. പ്രസിഡന്റ് ഹമീദ് കര്‍സായ് ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലും ഹഖാനിയാണെന്ന് പറയപ്പെടുന്നുണ്ട്.നാല്‍പതുകളുടെ അവസാനമോ അമ്പതുകളുടെ തുടക്കമോ ആണഅ ഹഖാനിയുടെ പ്രായം.

മുല്ലാ അബ്ദുള്‍ ഖാനി ബരാദര്‍

താലിബാന്‍ കോഫൗണ്ടറാണ് മുല്ല അബ്ദുള്‍ ഖാനി ബരാദര്‍. ഇപ്പോള്‍ താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് നിയന്ത്രിക്കുന്നത് ഇയാളാണ്. മുല്ലാ ഒമറിന്റെ വിശ്വസ്ത കമാന്‍ഡര്‍മാരില്‍ ഒരാളാണ് ബരാദര്‍. 2010ല്‍ ഇയാളെ സെക്യൂരിറ്റി ഫോഴ്‌സ് പിടികൂടിയിരുന്നു. 2018ലാണ് വിട്ടയച്ചത്.

ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സൈ

മുന്‍ താലിബാന്‍ സര്‍ക്കാരിലെ ഡെപ്യൂട്ടി മിനിസ്റ്ററായിരുന്നു ഷേര്‍ മുഹമ്മദ്. ദോഹയിലാണ് ഒരു ദശാബ്ദക്കാലത്തോളമായി താമസിച്ചത്. അഫ്ഗാന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.

അബ്ദുള്‍ ഹക്കീം ഹഖാനി

താലിബാന്റെ നെഗോഷിയേറ്റിങ്ങ് ടീമിന്റെ തലവനാണ് അബ്ദുള്‍ ഹക്കീം. ഇപ്പോഴത്തെ താലിബാന്‍ തലവന്‍ അക്കുന്‍സാദയുടെ വിശ്വസ്തനുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in