
താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് മൂന്ന് ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ ബാഗാന്‍ പ്രവിശ്യയിലെ ബാനു, പോള്‍-ഇ-ഹേസര്‍, ദേ സലാ, എന്നീ ജില്ലകളാണ് താലിബാന്‍ വിരുദ്ധ സേന തിരിച്ചുപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അറുപതോളം താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജില്ലയില്‍ അധികാരം പിടിച്ചെടുക്കാന്‍ പ്രദേശവാസികളും താലിബാന്‍ ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഈ സംഘര്‍ഷങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ആയുധധാരികളായെത്തിയ താലിബാന്‍ ഭീകരവാദികളെ പ്രാദേശിക ജനത ഒന്നാകെ കല്ലെറിഞ്ഞ് ഓടിച്ചുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേര്‍ഷ്യന്‍ ടിവി സ്റ്റേഷന്റെ മുതിര്‍ന്ന ലേഖകനുമായ താജുദന്‍ സോറൗഷ് നിരവധി ട്വീറ്റുകള്‍ പങ്കിട്ടിട്ടുണ്ട്.
മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സേനയിലുള്ളവരും താലിബാനെതിരായ പോരാട്ടത്തില്‍ അണിനിരന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'' അഫ്ഗാനിസ്ഥാനില്‍ ചരിത്രപരമായ ഒരു പ്രതിരോധത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നു,'' മുന്‍ അഫ്ഗാന്‍ സേനയുടെ ഭാഗമായ സേദിഖുള്ള ഷുജ പറഞ്ഞു.
28 വയസാണ് ഷുജയുടെ പ്രായം. ഞങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്നും ഷുജ പറയുന്നു. മുന്‍ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാന്‍ മുഹമ്മദിയും ബാഗാന്‍ പ്രവിശ്യയിലെ മൂന്ന് ജില്ലകളുടെ നിയന്ത്രം താലിബാനില്‍ നിന്ന് പ്രതിരോധ സേന ഏറ്റെടുത്തുവെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ അഫ്ഗാന്‍ജനത മുന്‍ സര്‍ക്കാരിന്റെ കൊടിയുയര്‍ത്തിയും പ്രതിഷേധിച്ചിരുന്നു. അഫ്ഗാന്‍ സര്‍ക്കാരിന്റെ കൊടിയുയര്‍ത്തിയവരെ ക്രൂരമായി മര്‍ദ്ദിക്കുന്ന താലിബാന്‍ ഭീകരരുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. സ്ത്രീകളുള്‍പ്പെടെ അഫ്ഗാന്‍ സര്‍ക്കാരിന്റെ കൊടിയുയര്‍ത്തി തെരുവിലറങ്ങിയിരുന്നു.
അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ കാലത്ത് വൈസ് പ്രസിഡന്റായിരുന്ന അമറുല്ല സലൈ കാവല്‍ പ്രസിഡന്റായി സ്വയം അവരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ജില്ലകള്‍ പ്രതിരോധ സേന പിടിച്ചെടുത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
അമറുള്ള സാലെയെ പിന്തുണക്കുന്നവരാണ് പ്രതിരോധ സേനയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹമിപ്പോള്‍ പഞ്ച് ഷിര്‍ താഴ് വരയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാനെതിരായ പ്രതിരോധത്തിന്റെ പ്രധാനമായ പ്രദേശമാണ് കാബൂളിന് വടക്കുഭാഗത്തുള്ള പഞ്ച് ഷിര്‍.
കഴിഞ്ഞ ദിവസം താലിബാനെതിരെ പോരാടന്‍ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദ് മസൂദ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ കോളം എഴുതിയിരുന്നു. വീണ്ടുമൊരു പ്രതിരോധത്തിന് തയ്യാറാണെന്നും അഹമ്മദ് മസൂദ് പറഞ്ഞിരുന്നു.